ബി.ജെ.പിയെ തകര്‍ത്ത, കോണ്‍ഗ്രസ് എതിര്‍ത്ത മന്‍മോഹന്‍ സിങ്

ഇന്ത്യ ഷൈനിങ്– ഇന്ത്യ തിളങ്ങുന്നു. 2004 ല്‍ ബി.ജെ.പിയുടെ പ്രചാരണമന്ത്രമായിരുന്നു അത്.  ആ വാചകത്തിനൊപ്പം തിളങ്ങിയത് ഭരണത്തുടര്‍ച്ച ഉറപ്പെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം കൂടിയായിരുന്നു. ലോക്സഭ പിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതും ഒരു കോര്‍പ്പറേറ്റ് പി.ആര്‍ കമ്പനിയുടെ സഹായത്തോടെ രാജ്യവ്യാപക തിരഞ്ഞെടുപ്പ്  പ്രചാരണം ആസൂത്രണം ചെയ്തതും ആ ആത്മവിശ്വാസത്തിലായിരുന്നു. മറുവശത്ത് ജനങ്ങളിലുള്ള വിശ്വാസമായിരുന്നു കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മൂലധനം 

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുള്ള സര്‍വ വിഷയങ്ങളും ഇരുപക്ഷവും സജീവമായ പ്രചാരണത്തിനായി ഉപയോഗിച്ച തിരഞ്ഞെടുപ്പായിരുന്നു 2004 ലേത്.  ഒറ്റയ്ക്കുള്ള മുന്നേറ്റത്തേക്കാള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പമുള്ളവരുടെ കരുത്തുകൂടി ഉപയോഗപ്പെടുത്തിയ, അതിനുതകും വിധത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിന് ജനസമക്ഷം മുന്നോട്ടുവയ്ക്കാന്‍ പല തലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുണ്ടായിരുന്നു.  കോണ്‍ഗ്രസ് സഖ്യത്തിനാവട്ടെ ഗുജറാത്ത് കലാപത്തിന്റെ മുറിവും ന്യൂനപക്ഷങ്ങള്‍ക്കേറ്റ അരക്ഷിതബോധവും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിന്ന് വിയര്‍ത്ത അഴിമതികളുടെ പട്ടികയുമായിരുന്നു പ്രചാരണായുധങ്ങള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് അടല്‍ ബിഹാരി വാജ്പേയിയുടെ മണ്ഡലമായ ലഖ്നൗവില്‍ ബി.ജെ.പി നടത്തിയ സാരി വിതരണത്തിനിടെ 21 സ്ത്രീകള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് തിളങ്ങുന്ന ഇന്ത്യയുടെ മറ്റൊരു വശം രാജ്യത്തിന് കാട്ടിക്കൊടുത്തു.  ബി.ജെ.പി നേതാവ് ലാല്‍ജി ഠണ്‍ഡന്റെ പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. അഭിപ്രായ സര്‍വേകളും പ്രവചന വിദഗ്ധരും മുന്‍തൂക്കം നല്‍കിയത് എന്‍.ഡി.എക്കാണ്. പക്ഷേ, പ്രവചനങ്ങളെല്ലാം പാഴായി. 

2004 മേയ് പതിമൂന്നിന് ഫലമെത്തിയപ്പോള്‍ ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്‍റെ തിളക്കമെല്ലാം തകര്‍ന്നടിഞ്ഞു. ബി.ജെ.പിക്ക് ലഭിച്ച 138 അടക്കം 185 സീറ്റിലൊതുങ്ങി എന്‍.ഡി.എയുടെ തുടര്‍ഭരണ മോഹങ്ങള്‍. 145 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അമേഠിയില്‍ നിന്ന് രാഹുല്‍ഗാന്ധി ഇതാദ്യമായി പാര്‍ലമെന്‍റിലെത്തി.  കിട്ടിയതുമായി ഒതുങ്ങിയിരിക്കാന്‍  കോണ്‍ഗ്രസ് തയാറായിരുന്നില്ല. കയ്യിലുള്ള 145 സീറ്റിന്‍റെയും ഒപ്പമുള്ളവരുടെയും കരുത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തന്നെ സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് തീരുമാനിച്ചു.  കൂടെക്കൂടാന്‍ അതത് മേഖലകളില്‍ കരുത്തുതെളിയിച്ച പ്രാദേശികകക്ഷികളുടെ ഒരു നിരയും. 24 സീറ്റുള്ള ആര്‍.ജെ.ഡിയും 16 സീറ്റുള്ള ഡി.എം.കെയും ഉറച്ച പിന്തുണയുമായി കൂടെന്നത്തന്നെ നിന്നു. 36 സീറ്റുള്ള സമാജ് വാദി പാര്‍ട്ടിയും 19 സീറ്റുള്ള ബിഎസ്പിയും  പുറത്തു നിന്ന് പിന്തുണച്ചു. 59 സീറ്റു നേടിയ ഇടതുപാര്‍ട്ടികളുടെ പിന്തുണയും കൂടിയായപ്പോള്‍ യുപിഎക്ക് 335 അംഗങ്ങളായി. 2004 ല്‍ ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇരുപതില്‍ പത്തൊന്‍പത് സീറ്റും നേടിയായിരുന്നു കേരളത്തിലെ ഇടത് തേരോട്ടം. സോണിയഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്  ഉറപ്പായ നിമിഷങ്ങള്‍.  പൊതുസ്വീകാര്യതയുള്ള മറ്റൊരുപേര് കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. സോണിയ പ്രധാനമന്ത്രിപദമേറാന്‍ സന്നദ്ധതയറിയിക്കുന്ന നിമിഷം കാത്ത് കോണ്‍ഗ്രസ് നേതാക്കളും അണികളും ഇരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയ പക്ഷെ മറ്റൊരുപേരാണ് പറഞ്ഞത്. ഡോ. മന്‍മോഹന്‍ സിങ്ങിന്‍റേത്. 

അങ്ങനെ റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയും മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍സിങ് ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രിയായി. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ നിന്നാണ് ഏറ്റവുധികം എതിര്‍പ്പുയര്‍ന്നത്. തീരുമാനം തിരുത്താന്‍ സോണിയാഗാന്ധിക്ക് മേല്‍ അണികളുടെ പൊതുവികാരം സമ്മര്‍ദ്ദം ശക്തമാക്കി. പലയിടത്തും പ്രകടനങ്ങള്‍ നടത്തി. സോണിയാഗാന്ധി പിന്തിരി‍ഞ്ഞില്ല. സോണിയയുടെ ഉറച്ച തീരുമാനത്തിന് പിന്നില്‍ ഒന്നിലേറെ ഘടകങ്ങളുണ്ടായിരുന്നു. സോണിയയുടെ ഇറ്റാലിയന്‍ വേരുകള്‍ ചൂണ്ടിക്കാട്ടി എതിരാളികള്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക്  തുടക്കമിടും എന്ന് അവര്‍ ഉറപ്പിച്ചിരുന്നു. സോണിയ പ്രധാനമന്ത്രിയായാല്‍ തല മുണ്ഡനം ചെയ്യുമെന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുഷമ സ്വരാജിന്റെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ശപഥം സോണിയയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കണം. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും കടുത്ത വിയോജിപ്പുണ്ടായിരുന്നതായും വാര്‍ത്തകള്‍ വന്നു. പ്രധാമന്ത്രിപദമേറിയ മുത്തശ്ശിക്കും പിതാവിനുമുണ്ടായ ദുര്‍വിധികള്‍ അവരുടെ തീരുമാനത്തെയും സ്വാധീനിച്ചിട്ടുണ്ടാവണം. വിശ്വസ്തനും കാര്യപ്രാപ്തനുമായ ഒരാള്‍ തനിക്കു പകരം പ്രധാനമന്ത്രിയാകണമെന്ന തീരുമാനത്തിലേക്ക് സോണിയയെ എത്തിച്ചത് ഈ കാരണങ്ങളാകാം. അങ്ങനെ, മേയ് 22ന്  ബഹിരാകാശ ശാസ്ത്രജ്ഞനായ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം സാമ്പത്തിക ശാസ്ത്രഞ്ജനായ  മന്‍മോഹന്‍ സിങ്ങിന് സത്യവാചകം ചൊല്ലിക്കൊടുത്തു

 മിതഭാഷിയും ശാന്തനുമായ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍. പാര്‍ലമെന്റിലെത്തിയതെല്ലാം രാജ്യസഭയിലൂടെ. ഒരുതവണ ലോക്സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. സമ്പന്നമായ രാഷ്ട്രീയപൈതൃകം അവകാശപ്പെടാനുള്ള ഒരുകൂട്ടം നേതാക്കളെയാണ് മന്‍മോഹന് നയിക്കാനുണ്ടായിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നായിരുന്നു വെല്ലുവിളികള്‍ ഏറെ. മനസുകൊണ്ട് പൊരുത്തപ്പെടാനാവാത്ത ഒരു നിരതന്നെ മന്‍മോഹന്‍ സിങ്ങിനെ മന്ത്രിസഭയില്‍ കാത്തിരുന്നു.   മന്‍മോഹന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തന്റെ സീനിയോറിറ്റിയെക്കുറിച്ച് ഏറെ ബോധവാനായിരുന്നു. പദവിയുടെ ഔപചാരികതകള്‍ പോലും മാനിക്കാതെ പ്രധാനമന്ത്രിയെ പേരുവിളിച്ച വിദേശകാര്യമന്ത്രി നട്‌വര്‍ സിങ്. മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും പ്രധാനമന്ത്രി കടന്നു വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന മന്ത്രി അര്‍ജുന്‍ സിങ്. തന്നോട് മതിപ്പില്ലാത്ത ഒരു പറ്റം നേതാക്കളുടെ സേനാനായകനായിരുന്നു അന്ന് മന്‍മോഹന്‍സിങ്. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് നയിച്ച ഒരു മുന്നണി സര്‍ക്കാരായിരുന്നു അത്.   ഘടകകക്ഷികളുടെ പ്രാദേശിക സ്വഭാവമുള്ളതും മുന്നണിയുടെ പൊതുതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതുമായ നിലപാടുകളെ യോജിപ്പിച്ച് മുന്നോട്ടുപോകലായിരുന്നു പ്രധാനവെല്ലുവിളി. സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി നയപരിപാടികള്‍ക്ക് രൂപം നല്‍കി. പ്രധാനമന്ത്രിക്കൊപ്പമോ അതിനുമീതെയോ സോണിയാഗാന്ധി അധികാരകേന്ദ്രമാകുന്നതായി എതിരാളികള്‍ പ്രചരിപ്പിച്ചു. 

 മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷം ഒട്ടും ദുര്‍ബലരായിരുന്നില്ല. സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താനുള്ള അംഗബലം എന്‍.ഡി.എയ്ക്ക് സഭയ്ക്കുള്ളിലുണ്ടായിരുന്നു. പക്ഷെ സര്‍ക്കാരിന് മൂക്കുകയറിട്ടത് പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷമാണ്. ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിങ്ങനെ ഇടതുപക്ഷനയത്തിന് വിരുദ്ധമായ ഒന്നും അനുവദിക്കില്ല എന്ന ഉറച്ച നിലപാടായിരുന്നു അവരുടേത്. വാക്കാല്‍ പറയുകയല്ല, അതിനായി ഒരു രേഖതന്നെ അവര്‍ ഉണ്ടാക്കി

കോണ്‍ഗ്രസ് നയിക്കുന്ന ഒരു ദേശീയ സര്‍ക്കാരിനെ പിന്തുണയ്ക്കുക. ഇടത്പക്ഷത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ് 2004 ല്‍ കണ്ടത്. മന്ത്രിസഭയിലേക്കില്ലെന്നും പുറത്തുനിന്നാവും സോപാധിക പിന്തുണയെന്നും ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണയ്ക്ക് പകരമായി മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ലമെന്ററി രംഗത്തെ അതികായനുമായ സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കറാക്കിക്കൊണ്ടാണ് യു.പി.എ നന്ദിപറഞ്ഞത്.  ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടതുപക്ഷത്തിന്റെ പിന്തുണ.  സാമ്പത്തിക പരിഷ്കരണ നടപടികള്‍ തുടരാനുള്ള തീരുമാനത്തോടായിരുന്നു  ആദ്യ ഘട്ടത്തില്‍ ഇടതു പ്രതിഷേധം . അടുത്ത ഘട്ടം സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് ഇടതുപക്ഷം തടസ്സമാകുന്നതില്‍ മന്‍മോഹന്‍ സിങിനും ധനമന്ത്രിയായ പി ചിദംബരത്തിനും  അതൃപ്തിയുണ്ടായിരുന്നു. ബാങ്കിങ്  ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിഷ്കരണ നടപടികള്‍ ഉണ്ടായി. മൂല്യ വര്‍ധിത നികുതി സമ്പ്രദായം കൊണ്ടു വന്നു. 2005– 2006  മുതല്‍  തുടര്‍ച്ചയായ മൂന്നു വര്‍ഷം സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിനു മുകളിലായിരുന്നു.  ഏറ്റവും വേഗത്തില്‍ വളരുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതെത്തി.  

തൊഴിലുറപ്പും വിവരാവകാശ നിയമവും പോലുള്ള ഭരണവിപ്ലവങ്ങളും ആദ്യ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായി. ആധാര്‍ കാര്‍ഡുകളുടെ  വിതരണം ലക്ഷ്യമിട്ടുള്ള യൂണിഫൈഡ് ഐഡന്‍റ്റിറ്റി അതോറിറ്റിക്കായുള്ള നിയമ നിര്‍മാണം, വനാവകാശ നിയമം തുടങ്ങിയവയും ഇക്കാലത്തുണ്ടായതാണ്.

രാജ്യസുരക്ഷയ്ക്ക് മേല്‍ ഭീകരവാദം ഭീഷണിയായ സംഭവങ്ങളുടെ പരമ്പര 2004 –2009 കാലത്ത് അരങ്ങേറി.  പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ കൂടാതെ  ഹിന്ദുത്വ ഭീകര സംഘടനകളെക്കുറിച്ചും കേട്ടു.  2005 ഒക്ടോബര്‍  29ന് ഡല്‍ഹിയില്‍ 61 പേര്‍ മരിച്ച സ്ഫോടനപരമ്പര,  

2006 മാര്‍ച്ചില്‍  ക്ഷേത്രനഗരമായ വാരാണസിയിലെ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ മരിച്ചു.  2006 ജൂലൈ 11ന് മുംബൈയില്‍ ട്രെയിനുകളില്‍ സ്ഫോടന പരമ്പര അരങ്ങേറി.  209 ജീവനുകള്‍ നഷ്ടമായി. 2007 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കുള്ള സംചോതാ എക്സ്പ്രസില്‍ സ്ഫോടനം നടന്നു.  68 പേര്‍ മരിച്ചു.  മേയ് 18ന് ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനങ്ങളില്‍  9 പേര്‍ മരിച്ചു. ആഗസ്റ്റില്‍  വീണ്ടും ഹൈദരാബില്‍ നടന്ന രണ്ട് ബോംബ് സ്ഫോടനങ്ങളിലായി  44 പേര്‍ മരിച്ചു. 2008 മേയില്‍ ജയ്പൂര്‍ സ്ഫോടനങ്ങളില്‍  80 പേര്‍ കൊല്ലപ്പെട്ടു. ജൂലൈയില്‍ ബാംഗ്ലൂര്‍  പരമ്പ സ്ഫോടനങ്ങളില്‍  രണ്ടുപേര്‍ മരിച്ചു. തൊട്ടടുത്ത ദിവസം  അഹമ്മദാബാദിലെ സ്ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു.  

ഭീകരത താണ്ഡവമാടിയ നാളുകള്‍. പലകാലങ്ങളില്‍, പലയിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരകള്‍ പക്ഷെ, ഒന്നുമായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. മുംബൈയില്‍. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം നവംബര്‍ 26 മുതല്‍  മൂന്നുദിവസം ഭീകരരുടെ കൈപ്പിടിയിലായി. കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗമെത്തിയ പത്ത് ഭീകരര്‍, അവര്‍ അഞ്ചായിപ്പിരിഞ്ഞ് ഈ രാജ്യത്തിനേല്‍പ്പിച്ചത് മാരകമായ മുറിവുകള്‍. കഫെ ലെപ്പേഡ് ഹോട്ടലില്‍, ഛത്രപതി ശിവജി ടെര്‍മിനലില്‍, കാമ ആശുപത്രിയില്‍, താജ് ഹോട്ടലില്‍  എവിടെയും ഭീകരത ജീവന്‍ കൊയ്തു.  164 ജീവനുകളാണ് ആ അറുപത് മണിക്കൂറുകളിലായി രാജ്യത്തിന് നഷ്ടമായത്.  ജീവനോടെ പിടികൂടാനായ അജ്മല്‍ കസബിനെ പിന്നെ തൂക്കിക്കൊന്നു.  

വാജ്പേയിയെപ്പോലെ പാക്കിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. മുബൈ ഭീകരാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഏതാണ്ട് പൂര്‍ണവിരാമമിട്ടു. ഇന്ത്യയെ അസ്വസ്ഥമാക്കാനുള്ള പാക് പദ്ധതികള്‍ പലതും ഇന്റലിജന്‍സ് തകര്‍ത്തു. 

ഭീകരതയ്ക്ക് മുന്നില്‍ തളരാതെ നിന്ന ഇന്ത്യ വളര്‍ച്ചയുടെ വഴിയേ യാത്രതുടര്‍ന്നു

ബഹിരാകാശവിതാനങ്ങള്‍ ഇന്ത്യയുടെ കുതിപ്പുകണ്ട കാലമായിരുന്നു അത്. 2007 ല്‍ ബഹിരാകാശപേടകം തിരിച്ചിറക്കുന്ന രാജ്യമായി ഇന്ത്യ. തൊട്ടടുത്തവര്‍ഷം മാര്‍ച്ചില്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഏപ്രിലില്‍ ഒറ്റ വിക്ഷേപണത്തില്‍ 10 ഉപഗ്രഹങ്ങള്‍  ഭ്രമണ പഥത്തിലെത്തിച്ച് ചരിത്രമെഴുതി. മേയില്‍ ആണവ വാഹന ശേഷിയുള്ള 350 കിലോ മീറ്റര്‍ ദൂര ശേഷിയുള്ള പ്രിഥ്വി 2 പരീക്ഷിച്ചു വിജയിച്ചു.  ഒക്ടോബര്‍ 22ന് ലോകം ഇന്ത്യയുെട കരുത്തിനെച്ചൊല്ലി വിസ്മയിച്ച മറ്റൊരു നാഴികക്കല്ല, ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥം ഇന്ത്യയുടെ കുതിപ്പിന് സാക്ഷ്യപത്രമെഴുതി. 

ഊര്‍ജരംഗത്ത് നേരിടാനിടയുള്ള പ്രതിസന്ധിയായിരുന്നു ഇന്ത്യ അന്ന് നേരിട്ട വെല്ലുവിളി. ഭാവികാലത്തെക്കൂടി കരുതിക്കൊണ്ടുള്ള പരിഹാരം. ആ ആലോചനകളാണ് അമേരിക്കയുമായുള്ള ആണവക്കരാറിന് വഴിയൊരുക്കിയത്. അമേരിക്കയുടെ ആണവസാങ്കേതിക വിദ്യയും ഇന്ധനവും ലഭ്യമാക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വികസിത രാജ്യങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന  ആണവ സാങ്കേതിക വിദ്യ ഇന്ത്യയുടെ തലയില്‍ കെട്ടിവക്കുന്നത് അമേരിക്കന്‍  താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന നിലപാടില്‍ ഇടതു പാര്‍ട്ടികളും ഉറച്ചു നിന്നു.  ഇടതുപക്ഷവുമായി അനുനയചര്‍ച്ചകളും അമേരിക്കയുമായി കരാറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ഒരേസമയം നടത്തി യു.പി.എ സര്‍ക്കാര്‍. 

ഇടതുപക്ഷം പിന്നെ കാത്തുനിന്നില്ല. പുറത്തുനിന്ന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചു. മന്‍മോഹന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. അവിശ്വാസപ്രമേയം നേരിടാന്‍ സഭാതലമൊരുങ്ങി. ആ സഭാതലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണക്കേടുകളിലൊന്ന് അരങ്ങേറി. മൂന്ന് ബി.ജെ.പി എം.പിമാര്‍ ഒരു കോടിയുടെ വീതം നോട്ടുകെട്ടുകളുമായാണ് സഭയിലെത്തിയത്. കളംമാറി പിന്തുണയ്ക്കാന്‍ ലഭിച്ച കോഴയെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ജനാധിപത്യം ലജ്ജിച്ച് തലതാഴ്ത്തി. അംഗബലപരീക്ഷയില്‍ മന്‍മോഹന്‍ ജയിച്ചു. രക്ഷകരായത് സമാജ്‌വാദി പാര്‍ട്ടി. അവര്‍ കോഴക്കഥ പറഞ്ഞില്ല. എ.പി.ജെ അബ്ദുള്‍കലാം ആണവക്കരാറിനെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാണ് സ്വാധീനിച്ചതെന്നായിരുന്നു മുലായം സിങ്ങിന്റെ വിശദീകരണം. 2008 ഒക്ടോബര്‍ 10ന് പ്രണബ് മുഖര്‍ജി ഇന്ത്യക്കു വേണ്ടി ആണവ കരാറില്‍ ഒപ്പു വച്ചു. ഒന്നാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. 

മുന്നണിഭരണത്തിലെ കല്ലുകടിയും വഴിപിരിയലുമടക്കം പലപ്രതിസന്ധികളും വിജയകരമായി തരണം ചെയ്താണ് ആദ്യ മന്‍മോഹന്‍ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. ആ പ്രായോഗികപാഠങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെയാണ് 2009 ലെ തിരഞ്ഞെടുപ്പിനെ യു.പി.എ നേരിട്ടത്. അതിനകം സഖ്യസമവാക്യങ്ങളിലും ചില മാറ്റങ്ങള്‍ വന്നിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ആര്‍.എല്‍.ഡിയും എ.ല്‍.ജെ.പിയുമെല്ലാം യു.പി.എ വിട്ടു. ഇടതുപക്ഷം മൂന്നാംമുന്നണിക്കായി ആഞ്ഞുപിടിച്ചു. മന്‍മോഹന്‍ സിങ്ങ് തന്നെയായിരുന്നു യു.പി.എയുടെ മുഖം. മറുവശത്ത് അദ്വാനിയും

ദേശീയരാഷ്ട്രീയത്തിലെ പഴയ പ്രതാപം വീണ്ടെടുക്കാനുറച്ചായിരുന്നു ബി.ജെ.പിയുടെ നീക്കങ്ങളത്രയും. പക്ഷെ ജനം തുണച്ചില്ല. ഫലം വന്നപ്പോള്‍ യു.പി.എ സഖ്യത്തിന് 322 സീറ്റുകള്‍. ബാക്കി പിന്തുണ സംഘടിപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉറച്ചു. എന്‍.ഡി.എയുടെ തിരിച്ചുവരവ് മോഹങ്ങള്‍  159 സീറ്റില്‍ ഒതുങ്ങി. ഇടതുപക്ഷം ഇറങ്ങിത്തിരിച്ച മൂന്നാം മുന്നണിക്ക് ലഭിച്ചത് 27 സീറ്റ് മാത്രം. കേരളത്തില്‍ ലഭിച്ചത് നാല് സീറ്റ്. സിങ്കൂര്‍, നന്ദിഗ്രാം പ്രഭാവത്തില്‍ ബംഗാളിലും കടുത്ത തിരിച്ചടിയേറ്റു. ലഭിച്ചത് 15 സീറ്റ് മാത്രം.  വെല്ലുവിളികള്‍ ഏതുമില്ലാതെ മന്‍മോഹന്‍ സിങ് രണ്ടാമതും അധികാരമേറ്റു. നെഹ്റുവിനും ഇന്ദിരയ്ക്കും ശേഷം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഭരണത്തുടര്‍ച്ചനേടുന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞചെയ്ത 19 പേരില്‍ ഡി.എം.കെയുടെ മന്ത്രിമാര്‍ ആരുമുണ്ടായിരുന്നില്ല. സുപ്രധാന വകുപ്പുകള്‍ വേണമെന്ന ഡി.എം.കെയുടെ ആവശ്യം പ്രധാനമന്ത്രി നിരാകരിച്ചതായിരുന്നു കാരണം. ഒടുക്കം മന്‍മോഹന്‍ സിങ്ങിന് വഴങ്ങേണ്ടിവന്നു.  പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത മൂന്നുപേരില്‍ ഒരാളായിരുന്നു ഡി.രാജ. ടെലികോം മന്ത്രി. രണ്ടാം മന്‍മോഹന്‍ സര്‍ക്കാരിലെ അഴിമതിയുടെ മുഖം. ടു.ജി സ്പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടായിരുന്നു എല്ലാത്തിന്റെയും തുടക്കം. 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നെന്ന് സി.എ.ജി കണ്ടെത്തി. 2001 ല്‍ നിശ്ചയിച്ച തുകയ്ക്ക് തട്ടിക്കൂട്ട് കമ്പനികള്‍ക്ക് പോലും ടു.ജി സ്പെക്ട്രം നല്‍കി. രാജ്യത്തിന് നഷ്ടമായി 1.76 ലക്ഷം  കോടി. ആരോപണത്തിന് ആക്കം കൂട്ടി നീര റാഡിയ ടേപ്പ് പുറത്തുവന്നു. എ.രാജ രാജിവച്ചു

അഴിമതിക്കഥകള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്നിനുപുറകെ ഒന്നായി കണ്ണുതള്ളിപ്പോകുന്ന അഴിമതിക്കഥകളുടെ കോടിക്കിലുക്കങ്ങള്‍ ഇന്ത്യാ മഹാരാജ്യത്തെ സാമാന്യജനം കേട്ടു. കല്‍ക്കരി പാടം കേസ്, ഹെലികോപ്ടര്‍ അഴിമതി, ടാട്രാ ട്രക്ക് അഴിമതി, കോമണ്‍ വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് വിവാദം, അന്തര്‍വാഹിനി ഇടപാട്,  എസ് ബാന്‍ഡ് ഇടപാട് എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍. 

അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുമ്പോഴും ഇതെല്ലാം കേട്ടിരിക്കുന്ന ജനങ്ങളെക്കുറിച്ച് രണ്ടാം മന്‍മോഹന്‍ സര്‍ക്കാര്‍ ഓര്‍ത്തില്ല. പെട്രോളിന്‍റെ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കി ജനരോഷം ആളിക്കത്തിച്ചു. കാര്‍ഷിക പ്രതിസന്ധിയില്‍ മനംമടുത്ത് പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യത്തിന്റെ പലഭാഗത്തും ജീവനൊടുക്കി. വിലക്കയറ്റം പിടിവിട്ടു. പ്രക്ഷോഭങ്ങളെ വിവേകമില്ലാതെ നേരിട്ടും സര്‍ക്കാര്‍ ജനരോഷം സമ്പാദിച്ചു

സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ ആകെ ആള്‍രൂപമായി ഗാന്ധിയന്‍ അണ്ണാ ഹസാരെ 2011 ഏപ്രിലില്‍ ഡല്‍ഹിയില്‍ സമരം തുടങ്ങി. അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസാക്കണമെന്നായിരുന്നു ആവശ്യം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഹസാരെയെ പാടേ അവഗണിച്ചു. മാധ്യമങ്ങള്‍ പിന്തുണ നല്‍കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. സര്‍ക്കാര്‍ ഹസാരെയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ബില്ലിന് കരടുണ്ടാക്കാന്‍ ഹസാരെയുടെ ടീമിനെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഒന്നും നടന്നില്ല. മൂന്നുമാസം കഴിഞ്ഞ് ഹസാരെ മടങ്ങിയെത്തി. രാജ്ഘട്ടില്‍ പ്രാര്‍ഥനക്ക് പോകാനൊരുങ്ങിയ ഹസാരെയെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചു. മൂന്ന് നാളിനു ശേഷം വിട്ടയച്ചു. ഹസാരെ കൂടുതല്‍ ശക്തനായി. തെരുവുകളില്‍ ഹസാരെയ്ക്കായി ജനം ആര്‍ത്തുവിളിച്ചു സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു

2011 ജൂണ്‍ ഒന്നിന് ബാബ റാം ദേവ്  ഡല്‍ഹിയില്‍ സമരത്തിനെത്തി. നാല് കേന്ദ്രമന്ത്രിമാരാണ് വിമാനത്താവളത്തിലെത്തി  റാംദേവിനെ സ്വീകരിച്ചത്. സമരം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. റാം ദേവ് സമരം തുടങ്ങി. ഒടുവില്‍ രാത്രി ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ച് രംഗം വഷളാക്കിയ ശേഷം പൊലീസ് റാംദേവിനെ  അറസ്റ്റു ചെയ്തു. 

2012 ഡിസംബറില്‍ നാടിനെ മരവിപ്പിച്ച നിര്‍ഭയ സംഭവം. ജനത്തിന് ക്ഷമകെട്ടു. സമരത്തിന്‍റെ എല്ലാ ഔപചാരികതകളും ഇല്ലാതായി. രാഷ്ട്രപതി ഭവനിരിക്കുന്ന റെയ്സീന കുന്നിലേക്ക് വരെ സമരക്കാര്‍ കടന്നു കയറാന്‍ നോക്കി. അതും ഒരു പാര്‍ട്ടിയുടെയും കൊടിയില്ലാതെ അണിനിരന്ന സാധാരണക്കാര്‍. 

സോണിയാഗാന്ധി ചികില്‍സാര്‍ഥം മാറിനിന്നതോടെ സര്‍ക്കാരിന് ദിശകാട്ടാനും പാര്‍ട്ടിയെ നയിക്കാനും ആളില്ലാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി. പക്ഷെ പക്വമതിയായ ഒരു രാഷ്ട്രീയക്കാരനാണെന്ന് കാട്ടാന്‍ രാഹുലിന് കഴിഞ്ഞില്ല. 

2013 ല്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുെട അയോഗ്യത തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ അസംബന്ധമെന്ന് വിളിച്ച് കീറിക്കളയാന്‍ രാഹുല്‍ഗാന്ധി പരസ്യമായി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേറ്റ അപമാനമായിരുന്നു ആ നീക്കം. സജീവരാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മന്‍മോഹന്‍ സിങ് സംഭവബഹുലമായ തന്റെ രണ്ടാം സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കി. 

മന്‍മോഹന്‍ സിങ്ങിന്‍റെ രണ്ട് സര്‍ക്കാരുകള്‍ ഇന്ത്യയുടെ ഭരണചരിത്രത്തിലെ വേറിട്ടു നില്‍ക്കുന്ന ഒരു ഘട്ടമാണ്. സല്‍ഭരണം കൊണ്ടും അതിന്റെ വിപരീതംകൊണ്ടും അടയാളപ്പെടുത്തപ്പെട്ട ഘട്ടം. ഏത് സര്‍ക്കാരുകള്‍ക്കും പലതുകൊണ്ടും പാഠമാണത്. ഒരു മുന്നണി ഭരണത്തിന്റെ നായകന്‍ എന്തിന്‍റെയൊക്കെ കടിഞ്ഞാണ്‍ കയ്യിലേന്തണം എന്ന് ഓര്‍മപ്പെടുത്തുന്ന പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്.