വെടിവെയ്പ്പ്; ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാര്‍ പൊലീസ്

കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലസിനുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷയൊരുക്കി ബിഹാര്‍ പൊലീസ്. ഇന്നലെ രാവിലെയാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ദേശീയപാതയില്‍ ആംബുലന്‍സിനുനേരെ വെടിവയ്പ്പുണ്ടായത്. 

ലക്ഷ്യസ്ഥാനത്ത് എത്തും വരെ ഒപ്പമുണ്ടാകുമെനാണ് ബിഹാർ പൊലീസ് അറിയിച്ചിട്ടുള്ളത്. ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൃതദേഹവുമായി കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്  കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബീഹാറിലെ പുരേനയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടത്. കോഴിക്കോട് സ്വദേശികളും ഡ്രൈവർമാരുമായ ഫഹദ്, രാഹുൽ, മരിച്ച യുവാവിന്റെ രണ്ട് ബന്ധുക്കൾ എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. 

ഇന്നലെ രാവിലെ ജബൽപൂർ - രിവ ദേശീയ പാതയിൽ എത്തിയ ആംബുലൻസിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചതാണെന്നാണ് വിവരം.ആംബുലൻസിന്റെ മുൻപിലെ ചില്ല് പൂർണമായി തകർന്നതോടെ യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു. സംസ്ഥാന സർക്കാരും പൊലീസും ഇടപെട്ടാണ്  യാത്ര തുടരാനുള്ള സാഹചര്യം ഒരുക്കിയത്. തകർന്ന ചില്ല് മാറ്റിയ ശേഷം ബീഹാർ പൊലീസ് സംരക്ഷണത്തിൽ ആംബുലൻസ് യാത്ര തുടരുകയാണ്.