സ്വതന്ത്ര സ്ഥാനാര്‍ത്ഥി പപ്പു യാദവ് വോട്ടുകള്‍ ചോര്‍ത്തുമോ? ആശങ്കയില്‍ കോണ്‍ഗ്രസ്

ഇന്ത്യ മുന്നണിയും എന്‍ഡിഎയും നേരിട്ടു ഏറ്റുമുട്ടുന്ന ബിഹാറിലെ പൂര്‍ണിയയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന  പപ്പു യാദവ് വോട്ടുകള്‍ ചോര്‍ത്തുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. പപ്പു യാദവ് പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ പപ്പു യാദവിനൊപ്പം നില്‍ക്കുന്നതാണ് മല്‍സരം സങ്കീര്‍ണമാക്കുന്നത്.  പൂര്‍ണിയയില്‍ നാളെയാണ് തിരഞ്ഞെടുപ്പ്. 

ആര്‍ജെഡി ഉപേക്ഷിച്ച മുന്‍ എംപി പപ്പു യാദവ് സ്വന്തം പാര്‍ട്ടിയായ ജന്‍ അധികാര്‍ പാര്‍ട്ടിയുമായി  അടുത്തിടെയാണ് കോണ്‍ഗ്രസിലെത്തിയത്. എ.ഐ.സി.സി ആസ്ഥാനത്ത് കേന്ദ്രനേതാക്കളാണ് പപ്പു യാദവിനെ സ്വീകരിച്ചത്. പൂര്‍ണിയ സീറ്റില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് പപ്പു യാദവ് കോണ്‍ഗ്രസിസിലെത്തിയതെങ്കിലും ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ മണ്ഡലം ആര്‍ജെഡിക്ക് പോയി.  ജെഡിയു വില്‍ നിന്ന പാര്‍ട്ടി മാറി വന്ന രുപൈലി എം.എല്‍.എയ്ക്ക്  ബിമ ഭാരതിക്ക് സീറ്റ് നല്‍കുക ആര്‍ജെഡിക്ക് അനിവാര്യമായിരുന്നു. സ്വതന്ത്രനായി മല്‍സരിക്കുന്ന പപ്പുയാദവ് ലക്ഷ്യമിടുന്നതും ഇന്ത്യ മുന്നണി വോട്ടുകളാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയല്ല പപ്പു യാദവ്  എന്ന് പാര്‍ട്ടി പരസ്യമായി പറഞ്ഞെങ്കിലും കോണ്‍ഗ്രസ് പതാകയുമായി പ്രവര്‍ത്തകരെ പപ്പുയാദവിന്‍റെ പ്രചാരണത്തില്‍ കാണാം. താന്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് എന്നാണ് പപ്പു യാദവിന്‍റെ പ്രതികരണം 

പപ്പു യാദവ് സ്വതന്ത്രനായി മല്‍സരിക്കുന്നത്  ഇന്ത്യ മുന്നണിയെ ബാധിക്കില്ലെന്ന് ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതി. നിതീഷ് കുമാറിനെയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടത് അഭിമാന പ്രശ്നമായ ഇന്ത്യാ മുന്നണിയുടെ സാധ്യത  പപ്പു യാദവ് എത്ര വോട്ടുകള്‍ പിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും.  ജെഡിയുവിന്‍റെ സിറ്റിങ് എം.പിയായ സന്തോഷ്  കുശ്വാഹയാണ് ഇത്തവണം എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.   ഡല്‍ഹിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ബിഹാര്‍ സംസ്ഥാന ഘടകത്തിന്‍റെ കയ്യില്‍ നിന്ന് പപ്പു യാദവ് മെമ്പര്‍ഷിപ്പ് വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ നടപടിയെടുക്കാനും കോണ്‍ഗ്രസിനാവില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗമാവുമെന്നാണ് പപ്പു യാദവിന്‍റെ മറുപടി. 

Pappu Yadav Made The Fight For Power Triangular By Becoming An Independent Candidate