കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്നലെ 6,148; ആശങ്ക

രാജ്യത്ത് പ്രതിദിന കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ 6,148 മരിച്ചു. ബിഹാറില്‍ 3971 മരണം കോവിഡമൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണം സംഖ്യ കുത്തനെ ഉയര്‍ന്നത്. 94,463 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 1.51 ലക്ഷം പേര്‍ രോഗമുക്തരായി. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന് ഡയറട്റേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു.ബിഹാറില്‍ യഥാര്‍ത്ഥ കോവിഡ് മരണ നിരക്ക് മറച്ചുവയ്ക്കുന്നതായുള്ള പരാതികളെ തുടര്‍ന്ന് ഓഡിറ്റ് നടത്താന്‍ പട്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

മൂന്നാഴ്ചത്തെ കണക്കുളില്‍ നടത്തിയ ഓഡിറ്റില്‍ നാലായിരത്തോളം പേര്‍ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഇത് ചേര്‍ത്തതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന മരണനിരക്ക് ഇന്നലെയുണ്ടായത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 3.59 ലക്ഷമായി വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം അറുപത് ദിവസത്തിന് ശേഷം ആദ്യമായി പന്ത്രണ്ട് ലക്ഷത്തിന് താഴെയെത്തി. നിലവില്‍ 11.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 94.77 ശതമാനമായി വര്‍ധിച്ചു. 4.71 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 18 വയസ്സിന് താഴെയുള്ളവരിലെ കോവിഡ് മാനജ്മെന്‍റിനായി പുതുതായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്ക്ക് ധരിക്കേണ്ടെന്ന് ഡി.ജി.എച്ച്.എസ് നിര്‍ദേശിക്കുന്നത്. 6-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെയും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ മാസ്ക് ധരിക്കാം. പതിനെട്ട് വയസ്സിന് താഴെയുള്ള രോഗികളില്‍ ആന്‍റിവൈറല്‍ മരുന്നായ റെംഡെസിവര്‍ ഉപയോഗിക്കേണ്ടെന്നും ഡി.ജി.എച്ച്.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ കോവിഡ് വാക്സീന്‍ സ്റ്റോക്ക് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.