‘ഇന്ധനവില കുറച്ചാൽ ഭഗവാൻ രാമന് സന്തോഷമാകും’; ഇതാണോ അച്ചാ ദിൻ?; രോഷം

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്. വില നിയന്ത്രിക്കാൻ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്രമന്ത്രിമാർ അടക്കമുള്ള  ബിജെപിക്കാർ വില വർധനവിനെ ന്യായീകരിച്ച് രംഗത്തുവരികയാണ്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ രോഷമാണ് അതാത് സർക്കാരുകൾ പ്രകടിപ്പിക്കുന്നത്. ബംഗാളിൽ ഒരു രൂപ കുറച്ച് മമത രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനയും എത്തി. ഇതാണോ അച്ചാ ദിൻ എന്ന് ചോദിച്ചുള്ള ബോർഡുകൾ സംസ്ഥാനത്ത് നിരന്നു.

രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനു പകരം ആകാശത്തേക്കു കുതിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്തുകയാണ് വേണ്ടതെന്നും അങ്ങനെ ചെയ്താല്‍ രാമ ഭഗവാന് സന്തോഷമാകുമെന്നും ശിവസേന മുഖപത്രത്തിൽ കുറിച്ചു.  2014ലെയും 2021ലെയും പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളും രേഖപ്പെടുത്തിയ ബോർഡിലാണ് ഇതാണോ അച്ചാ ദിൻ എന്ന ചോദ്യം ഉയരുന്നത്.