ആര്‍ടിപിസിആറിന് പകരം ആന്‍റിജന്‍‍; പുറത്തുവരാതെ 35 ലക്ഷം കേസുകൾ

ആര്‍.ടി.പി.സി.ആറിന് പകരം ആന്‍റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ രാജ്യത്ത് 35 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തല്‍. ഏറ്റവും കുറവ് പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. ആകെ പരിശോധനകളില്‍ നാല്‍പത്തിയെട്ട് ശതമാനം മാത്രമാണ് കേരളത്തില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍. നൂറു ശതമാനം പി.സി.ആര്‍ ടെസ്റ്റുകളുമായി തമിഴ്നാടും രാജസ്ഥാനുമാണ് പട്ടികയില്‍ ഒന്നാമത്. 

ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് രോഗബാധിതര്‍ 92 ലക്ഷം കടന്നുനില്‍ക്കുന്നു. പതിമൂന്നര കോടി പരിശോധനകളില്‍ നിന്നാണിത്. പരിശോധനകളില്‍ നാല്‍പത് ശതമാനം അഥവാ അഞ്ചരക്കോടി ആന്റിജന്‍ പരിശോധനകളാണ്. ആന്റിജന്‍ ടെസ്റ്റുകളുടെ പോസ്റ്റിവിറ്റി നിരക്ക് പി.സി.ആര്‍ ടെസ്റ്റുകളെക്കാള്‍ കുറവാണ്. ഉദാഹരണത്തിന് ഡല്ഹിയില്‍ പി.സി.ആര്‍ ടെസ്റ്റുകളുെട പോസിറ്റിവിറ്റി നിരക്ക് പതിനാല് ശതമാനമാണ്. ആന്‍റിജന്‍ ടെസ്റ്റുകളുടെ പോസിറ്റിവിറ്റി നിരക്ക് വെറും നാല് ശതമാനവും. ഇങ്ങനെനോക്കിയാല്‍, രാജ്യത്ത് മുപ്പത്തിയഞ്ച് ലക്ഷത്തിലധികം കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുകൂടി ചേര്‍ത്താല്‍ രാജ്യത്തെ നിലവിലെ പോസിറ്റീവിറ്റി നിരക്ക് 6.9 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമായി ഉയരാം. അമ്പത് ശതമാനത്തില്‍താഴെ പി.സി.ആര്‍ ടെസ്റ്റുകളുടെ നടത്തുന്ന ആറു സംസ്ഥാനങ്ങളില്‍ കേരളവമുണ്ട്. കേരളത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാള്‍ മൂന്നുലക്ഷം കേസുകള്‍ കൂടുതലായിരിക്കും പരിശോധന

ആര്‍.ടി.പി.സി.ആറിലാണെങ്കിലെന്ന് വ്യക്തം. പതിനഞ്ച് ശതമാനം പരിശോധനകളുമായി ബിഹാറാണ് പി.സി.ആര്‍ ടെസ്റ്റില്‍ ഏറ്റവും പിറകില്‍. െലങ്കാനയില്‍ പതിനേഴ് ശതമാനവും ഗുജ്റാത്തില്‍ 22 ശതമാനവുമാണ് പി.സി.ആര്‍ ടെസ്റ്റുകള്‍. നൂറ് ശതമാനം പി.സി.ആര്‍ ടെസ്റ്റ് നടത്തുന്ന തമിഴ്നാട്ടിലും രാജസ്ഥാനിലുമാണ് ഏറ്റവും സത്യസന്ധമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബില്‍ 96 ഉം മധ്യപ്രദേശില്‍ 91ഉം കര്‍ണാടകയില്‍ 88ഉം ജാര്‍ഖണ്ഡില്‍ 86ഉം ശതമാനം പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.