പട്ടിണി, ജീവിക്കാൻ വഴിയില്ല; സോനാഗച്ചിയിൽ നിന്ന് ലൈംഗിക തൊഴിലാളികളുടെ കൂട്ടപ്പലായനം

ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ ബംഗാളിലെ സോനാഗച്ചിയിലെ 80 ശതമാനത്തോളം ലൈംഗികത്തൊഴിലാളികളും മറ്റു തൊഴില്‍ തേടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് വരുമാനം നഷ്ടമായത്. കടക്കെണിയിലായതോടെ പലരും പണം പലിശയ്ക്കു കൊടുക്കുന്നവരില്‍ നിന്നു വായ്പയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ നീളുകയും വരുമാനം ലഭിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതിരിക്കുകയും ചെയ്തതോടെ അനിശ്ചിതമായ ഭാവിയാണ് ഇവരെ കാത്തിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 

ഭൂരിപക്ഷം ലൈംഗിക തൊഴിലാളികളും തങ്ങളുടെ സ്ഥിരം തൊഴില്‍ വിട്ട് മറ്റൊരു ജോലിക്കു ശ്രമിക്കുകയാണെങ്കിലും കടക്കെണിയാണ് ഇപ്പോള്‍ അവരെ തടയുന്നത്.കടക്കെണിയിലായ 89 ശതമാനം ലൈംഗികത്തൊഴിലാളികളില്‍ 81 ശതമാനം പേരും പണം വായ്പ വാങ്ങിച്ചിരിക്കുന്നത് പ്രാദേശിക ആള്‍ക്കാരില്‍നിന്നാണ്. അവരില്‍ പണം പലിശയ്ക്കു നല്‍കുന്നവരും മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും എല്ലാമുണ്ട്. ഇപ്പോള്‍ ഇവരുടെ ചൂഷണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നാണ് പല തൊഴിലാളികളും ചിന്തിക്കുന്നത്. 

ഏകദേശം 7000 -ല്‍ അധികം ലൈംഗിക പ്രവര്‍ത്തകര്‍ സോനാഗാച്ചിയില്‍ ഉണ്ടെന്നാണു കണക്ക്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇവര്‍ക്കു ജോലിയില്ല. ജൂലൈയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സോനാഗച്ചിയില്‍ 65 ശതമാനം ജോലിയും പുനരാംരംഭിച്ചു. എന്നാല്‍ കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തങ്ങളുടെ സ്ഥിരം തൊഴില്‍ ചെയ്യാന്‍ പല ലൈംഗികത്തൊഴിലാളികള്‍ക്കും ധൈര്യമില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ ഇവര്‍ക്കു വേണ്ടി ഒരു സഹായവും നല്‍കുന്നുമില്ല. 

ലൈംഗിക തൊഴിലാളികളികളുടെ നേതൃത്വത്തില്‍ സോനാഗാച്ചിയില്‍ ഒരു സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലരും ഈ ബാങ്കില്‍ അംഗങ്ങളല്ല. പലരുടെ കയ്യിലും രേഖകളൊന്നുമില്ലാത്തതിനാല്‍ ബാങ്കില്‍ പോകുന്നതിനുപകരം ഇവര്‍ അതാതു പ്രദേശങ്ങളില്‍ കൂടുതല്‍ പലിശയ്ക്കു പണം കടം കൊടുക്കുന്നവരെയാണ് ആശ്രയിക്കുന്നത്. ലൈംഗിക തൊഴിലാളികള്‍ ജീവിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യാന്‍ തയാറാണെന്നും വനിതാ ശിശു ക്ഷേമ മന്ത്രി സശി പാഞ്ച പറഞ്ഞു. പലര്‍ക്കും സൗജന്യ റേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ സഹായം അപര്യാപ്തമായ സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലൈംഗിക തൊഴിലാളികളെ സഹായിക്കാന്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.