ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 18 മരണം

ആന്ധ്രപ്രദേശിലും, തെലങ്കാനയിലും  തുടരുന്ന കനത്ത മഴയിൽ 18 മരണം.  നിരവധി പേരെ കാണാതായി. ഹൈദരാബാദിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഗതാഗതം താറുമാറായി. കർണാടകയിലേ വിവിധ ജില്ലകളിലും,  മഴ ശക്തമാണ്. 

ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെതുടർന്ന്  ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും. കനത്ത നാശം വിതച്ചാണ് മഴ തുടരുന്നത്. ഹൈദരാബാദിൽ  വീടിനു മുകളിലേയ്ക്ക് മതിൽകെട്ടിടിഞ്ഞു വീണാണ് ഇന്ന്   9 പേർ മരിച്ചത്.  നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോയി. റോഡുകൾ വിണ്ടു കീറി. പഴക്കമുള്ള കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. തെലങ്കാനയിലെ ഹിമായത് സാഗർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. യൂണിവേഴ്സിറ്റികൾ പരീക്ഷകൾ മാറ്റിവച്ചു. സ്കൂളുകൾ ഓൺലൈൻ ക്‌ളാസുകളും ഒഴിവാക്കി. ആന്ധ്രാ തീരത്തും മഴ അതിശക്തമാണ്. ഇതുവരെ 5 മരണം റിപ്പോർട്ട് ചെയ്തു. നിരവധി വീടുകൾ തകർന്നു 500റോളം പേരെ മാറ്റിപാർപ്പിച്ചു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും, ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.  24 മണിക്കൂർ കൂടി മഴ തീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടകയിലേ  ബാഗൽകൊട്ട്, ബെലഗാവി, കലബുര്ഗി, റായ്ചൂർ തുടങ്ങി വടക്കൻ ജില്ലകളിലും, കുടക്, ചിക്കമംഗളൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്, പലയിടങ്ങളിളും വീടുകളിൽ വെള്ളം കയറുകയും, കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്‌തു. ബെംഗളൂരു നഗരത്തിലും മഴ ശക്തമാണ്.