രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കും; യോദ്ധാക്കളെ അഭിനന്ദിച്ച് വ്യോമസേന മേധാവി

അതിര്‍ത്തിയിലെ ഏത് സാഹചര്യത്തിലും രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുമെന്ന് വ്യോമസേന ദിനത്തില്‍ വ്യോമസേന മേധാവിയുടെ ഉറപ്പ്. പ്രകോപനങ്ങള്‍ക്ക് പെട്ടെന്നു തന്നെ തിരിച്ചടി നല്‍കാന്‍ സജ്ജമാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു. 88മത് വ്യോമസേന ദിനത്തില്‍ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

വ്യോമസേനയുടെ കരുത്തും ശേഷിയും വിളിച്ചോതുന്നതായിരുന്നു ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നടന്ന അഭ്യാസപ്രകടനം. വിജയ് ഫോര്‍മേഷനെ നയിച്ചത് സേനയിലെ പുതുമുഖമായ റഫാല്‍. 19 യുദ്ധ വിമാനങ്ങളും 19 ഹെലിക്കോപ്റ്ററുകളും അടക്കം 56 എയര്‍ ക്രാഫ്റ്റുകള്‍ ഇത്തവണ ചടങ്ങിനുണ്ടായിരുന്നു.

വ്യോമസേന വന്‍ പരിഷ്ക്കരണത്തിന്‍റെ പാതയിലാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ പറഞ്ഞു. നമ്മുടെ ആകാശത്തിന് കാവലൊരുക്കുന്നതിനും ദുരന്തമുഖത്ത് നടത്തുന്ന രക്ഷാദൗത്യങ്ങളുടെ പേരിലും വ്യോമസേനയോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. വ്യോമസേനയുടെ മികവ് കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും സര്‍വസൈന്യാധിപന്‍ ആശംസിച്ചു. സേനയുടെ ധൈര്യം, വീര്യം, അര്‍പ്പണമനോഭാവം എന്നിവ രാജ്യത്തെ സംരക്ഷിക്കാന്‍ ഏവരേയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അഭിവാദ്യം അര്‍പ്പിച്ചു.