എന്താണ് ഇമാസ്? കരിപ്പൂരിലെയും മംഗളൂരിലെയും ദുരന്തം ഒഴിവാക്കാമായിരുന്നതെങ്ങനെ?

2010 ലെ വിമാന ദുരന്തത്തിന് ശേഷം മംഗലാപുരം, കരിപ്പൂർ റൺവെയിലെ സുരക്ഷ ശക്തമാക്കാൻ എൻജിനീയേർഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം (ഇമാസ്) ആലോചിച്ചിരുന്നുവെന്നും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നും സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇമാസ് ടെക്നോളജിയുടെ ചെലവ് മൂലമാണ് പദ്ധതി ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. എന്നാൽ മംഗലാപുരത്തും കരിപ്പൂരിലും ഇമാസ് ഉണ്ടായിരുന്നെങ്കിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. ലോകത്തുള്ള വിവിധ എയർപോർട്ടുകളിൽ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 

 റൺവെയ്ക്ക് പുറത്തേക്ക് പോകുമ്പോൾ വിമാനങ്ങളുടെ ടയറുകളെ പിടിച്ചു നിര്‍ത്തുന്ന ടെക്നോളജിയാണ് ഇമാസ്. എൻജിനീയറിങ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റത്തെ അറസ്റ്റർ ബെഡ് എന്നും വിളിക്കുന്നുണ്ട്. റൺ‌വേയുടെ അവസാനത്തിൽ സ്ഥാപിച്ചിരിക്കുന്ന എന്‍ജിനീയറിങ് മെറ്റീരിയലുകളുടെ ഒരു കിടക്കയാണിത്. ലാൻഡിങ്ങിനിടെ അത് മറികടക്കാൻ ശ്രമിച്ചാൽ വിമാനം പിടിച്ചുനിർത്താനും തടയാനും സഹായിക്കുന്നു.

2010 ൽ മംഗലാപുരം വിമാനത്താവളത്തിലുണ്ടായ ദുരന്തം ഒഴിവാക്കാനും ഇമാസിന് സാധിക്കുമായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX812 മംഗലാപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ റൺ‌വേയിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. 166 യാത്രക്കാരും ജോലിക്കാരുമാണ് അന്ന് മരിച്ചത്. എട്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയുടെ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യയുടെ യൂണിറ്റായ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെട്ട ആദ്യത്തെ അപകടമായിരുന്നു ഇത്. 10 വർഷത്തിനുശേഷം, സമാനമായ സാഹചര്യങ്ങളിൽ മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം - IX1344, കോഴിക്കോട് വിമാനത്താവളത്തിലെ റൺ‌വേയെ മറികടന്ന് താഴേക്ക് വീഴുകയും രണ്ടായി പിളരുകയും ചെയ്തു.

വിമാനം താഴേക്ക് വീഴുന്നത് തടയാൻ ഇമാസിന് കഴിയുമായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഈ സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. മംഗലാപുരത്തെ പോലെ കരിപ്പൂരിലും ഒരു ടേബിൾ ടോപ്പും കുന്നിൻമുകളിലുമാണ് വിമാനത്താവളം നിലകൊള്ളുന്നത്.

അമേരിക്കയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ഇമാസ് ഇൻസ്റ്റാളേഷനുകൾ ഉണ്ട്. 2019 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 68 വിമാനത്താവളങ്ങളിൽ 112 റൺവേ അറ്റങ്ങളിൽ ഇമാസ് സ്ഥാപിച്ചിട്ടുണ്ട്.