പ്രത്യേകപദവി റദ്ദാക്കിയിട്ട് നാളെ ഒരുവർഷം; അയവില്ലാതെ ജമ്മുകശ്മീര്‍

ജമ്മുകശ്മീരിന്റെ  പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവർഷം തികയുകയാണ്.  അതിനിടെ ഇന്നലെ മുതൽ  അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശനസുരക്ഷയ്ക്കും നിയന്ത്രണങ്ങൾക്കും ഇപ്പോഴും അയവില്ല.   കോവിഡിന്റെ പശ്ചാത്തത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ പ്രഖ്യാപിച്ച അടച്ചിടൻ 8വരെ നീട്ടിയിട്ടുമുണ്ട്. ഇതിനിടെയിലാണ് പ്രത്യേക അടച്ചിടലും പ്രഖ്യാപിച്ചത്. 

ആർട്ടിക്കിൾ 370,35എ റദ്ദാക്കിയതിന്റെ വാർഷിക ദിനത്തിൽ തീവ്രവാദികൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ചികിത്സയടക്കമുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ ‘ദേഷ്യവും നിരാശയും’ പുറത്തുവരാതിരിക്കാനാണ് സുരക്ഷ വർധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ആരോപിച്ചു.

 ജമ്മുകശ്മീരിൽ വിഘടനവാദികൾ നടത്തുന്ന കല്ലേറും ബന്ദും ഗണ്യമായി കുറഞ്ഞെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്വത്തു കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, അറസ്റ്റ് തുടങ്ങിയവയിലൂടെ വിഘടനവാദികളെ നിയന്ത്രിക്കാനായി.