അയോധ്യയിലെ ഭൂമി പൂജ; ഹനുമാൻ സ്തോത്രം ഉരുവിട്ട് കമൽനാഥിന്റെ പൂജ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിനോട് അനുബന്ധിച്ച് വീട്ടിൽ ഹനുമാൻ സ്തോത്രം ഉരുവിട്ട് പൂജ നടത്തുമെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്. ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹനുമാന്റെ വലിയ ഭക്തനായ അദ്ദേഹം ചൊവ്വാഴ്ച വസതിയിൽ വച്ചാണ് ഈ ചടങ്ങ് നടത്തുകയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങെന്ന് കോൺ​ഗ്രസ് വക്താവ് ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ക്ഷണിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികൾ. ഇരു നേതാക്കളെയും ഒഴിവാക്കിയതായി പ്രചാരണമുണ്ടായതിനു പിന്നാലെയാണ് ടെലിഫോണിലൂടെ ഇരുവരെയും ക്ഷണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചത്. എന്നാൽ പ്രായാധിക്യം, കോവിഡ് നിയന്ത്രണങ്ങൾ എന്നിവ കണക്കിലെടുത്ത് ഇരുവരും വിഡിയോ യോഗത്തിലൂടെ ചടങ്ങുകൾ വീക്ഷിക്കാനാണു സാധ്യത. 

അ‍ഞ്ചിനാണ് ഭൂമിപൂജയും ശിലാസ്ഥാപനവും. 5 പേരിലേറെ കൂടി നിൽക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 4 പേർ മാത്രമേ ഉണ്ടാവൂ എന്നറിയുന്നു. ജനങ്ങൾ എത്തുന്നതിനും നിയന്ത്രണമുണ്ട്. ചടങ്ങിൽ പങ്കെടുക്കേണ്ടിരുന്ന പൂജാരിക്കും 16 പൊലീസുകാർക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്.