ഏറ്റുമുട്ടൽ ചൈന നേരത്തേ തീരുമാനിച്ചു; സൈനികരെ എത്തിച്ചത് രഹസ്യമായി; വെളിപ്പെടുത്തൽ

ഗൽവാനിലെ അക്രമം ചൈന കരുതിക്കൂട്ടി ചെയ്തതാണെന്ന് യുഎസ് ഇന്റലിജന്റ്സ് റിപ്പോർട്ട്. ഓപറേഷനുള്ള സൈനികരെ രഹസ്യമായി ചൈന അതിർത്തിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചതെന്നും വെളിപ്പെത്തലിലുണ്ട്. പെട്ടെന്നുള്ള പ്രകോപനമല്ല 20 ഇന്ത്യൻ സൈനികരുടെ ജീവനെടുത്തതെന്നും ഭരണകൂടതലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വെസ്റ്റേൺ തിയറ്റർ കമാൻഡ് തലവൻ ജനറൽ ജാവോ സോങ്‌ഷിയുടെ നേതൃത്വത്തിലാണ് അതിർത്തി പ്രദേശങ്ങളിലെ ഓപറേഷൻ നടക്കുന്നത്. ഭരണകൂടത്തിന്റെ വിശ്വസ്തനാണ് ജാവോ സോങ്ഷി. 

ജൂൺ 15നു രാത്രി ഒരു മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യിൽ ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്രോൾ പോയിന്റ് 14ൽനിന്നു പിന്മാറുന്നതു സംബന്ധിച്ച ചർച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ കാത്തിരുന്നത് ആണി തറച്ച ബേസ് ബോൾ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നു. അവർ ആക്രമണവും തുടങ്ങി. പിന്നാലെ ഇന്ത്യൻ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരിച്ചു.

കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാൾ മാരകമായ ആൾനാശമാണുണ്ടാക്കിയതെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സൈനികരിൽ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.