ഓൺലൈൻ ക്ലാസിന്റെ സമ്മർദ്ദം സഹിക്കവയ്യ; എട്ടാംക്ലാസുകാരി ജീവനൊടുക്കി

ഓൺലൈൻ ക്ലാസും ഹോം വർക്കുകളും സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് എട്ടാംക്ലാസുകാരി ജീവനൊടുക്കി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഓൺലൈൻ ക്ലാസുകളിൽ ടീച്ചർ പറയുന്നത് വേഗത്തിൽ മനസിലാക്കാൻ സാധിക്കാതിരുന്നതും കൃത്യ സമയത്ത് ഹോംവർക്കുകൾ പൂർത്തായാക്കാൻ കഴിയാതിരുന്നതുമാണ് ഖുഷിയെ സമ്മർദ്ദത്തിലാക്കിയത്.

തിങ്കളാഴ്ച രാവിലെ ക്ലാസിന്റെ സമയമായിട്ടും മകൾ  ഹോം വർക്ക് തീർക്കാതെ ഇരിക്കുന്നത് കണ്ടതോടെ അമ്മ എന്തുപറ്റിയെന്ന് ചോദിച്ചു. ഹോം വർക്ക് തീര്‍ക്കുന്നതിനുള്ള ഒഴികഴിവ് പറഞ്ഞ ഖുഷി മുറിക്കുള്ളിലേക്ക് കയറിപ്പോയി. കുറച്ച് കഴിഞ്ഞിട്ടും മകളെ പുറത്തേക്ക് കാണാതായതോടെ അമ്മ മുറി തുറന്ന് കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നത് കണ്ടത്.

അച്ഛനും അമ്മയും ഒരു സഹോദരനുമാണ് ഖുഷിക്കുള്ളത്. കോവിഡ് കാരണം പരീക്ഷകൾ മുടങ്ങിയതോടെ ഓൾപ്രമോഷൻ  ലഭിച്ചാണ് ഖുഷി  എട്ടാം ക്ലാസിലെത്തിയത്. ലോക്ഡൗണിൽ ബിസിനസ് പൂട്ടിപ്പോയ ഖുഷിയുടെ അച്ഛൻ തന്റെ പ്രാരാബ്ദങ്ങൾക്കിടയിലാണ് മകൾക്ക് പഠിക്കുന്നതിനായി സ്മാർട്ട്ഫോൺ വാങ്ങി നൽകിയത്. വീട്ടിൽ മറ്റാർക്കും സ്മാർട്ട്ഫോണില്ല. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാൽ വൈദ്യുതി ബില്ല് പോലും അടയ്ക്കാനായില്ലെന്ന് വീട്ടുകാർ പറയുന്നു.