ദുരിതക്കടൽ താണ്ടി അമീർ നാട്ടിലെത്തി; അമ്മയെ കാണാൻ.. പക്ഷേ

പ്രതീകാത്മക ചിത്രം

അമ്മയെ കാണാൻ വേണ്ടി ദുബായിലെ ജോലി രാജി വച്ച് നാട്ടിലേക്ക് വന്ന മകനെ കാത്തിരുന്നത് ദുഃഖവാർത്ത. കോവിഡ് വില്ലനായതോടെ ക്വാറന്റീനിൽ പോയ മകന് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമായില്ല. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീട്ടിൽ പോകാനൊരുങ്ങവേയാണ് അമീർ അമ്മ ഇനിയില്ലെന്ന നടുക്കുന്ന വാർത്ത അറിഞ്ഞത്.

ആറു വർഷമായി ദുബായിൽ പ്രോഡക്ട് കൺസൾട്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു അമീർ. അമ്മയ്ക്ക് സുഖമില്ലാതെ ആയതോടെ മെയ് 13 ന് അമീർ നാട്ടിലെത്തി. കോവിഡ് ചട്ടം പാലിച്ച് സർക്കാർ ക്വാറന്റീനിലും പോയി.ക്വാറന്റീൻ തീരാനിരിക്കെ ഞായറാഴ്ച അമ്മ മരിക്കുകയും ചെയ്തു. നിരീക്ഷണ കാലാവധി പൂർത്തിയാകാത്തതിനാൽ അമ്മയെ അവസാനമായി കാണാൻ പോലും അധികൃതർ അനുവദിച്ചില്ല. 

കടുത്ത നിരാശയോടെയാണ് അമീർ തന്റെ അവസ്ഥ ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയത്. രണ്ടുമാസം കാത്തിരുന്ന് ടിക്കറ്റെടുത്ത് നാട്ടിലെത്തിയിട്ടും ഫലമില്ലാതെ പോയ വിഷമത്തിലാണ് അമീർ. അധികൃതർ അൽപ്പമെങ്കിലും കരുണ കാണിച്ചിരുന്നെങ്കിൽ അന്ത്യകർമങ്ങളെങ്കിലും ചെയ്യാൻ തനിക്ക് കഴിഞ്ഞേനെയെന്നും ഇദ്ദേഹം കണ്ണീരോടെ പറയുന്നു.