തെളിഞ്ഞൊഴുകി യമുന; മുപ്പത് വർഷത്തിനിടെ ഇതാദ്യമെന്ന് റിപ്പോർട്ട്

5000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടും മാലിന്യത്തിൽ നിന്ന്  ശാപമോക്ഷം കിട്ടാതിരുന്ന യമുനാ നദി ലോക്ഡൗൺ കാലത്ത് സ്വച്ഛമായി ഒഴുകുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് യമുന തെളിനീരുപോലെ ഒഴുകുന്നത്. 

കോവിഡ് കാരണം ലോക്ഡൗണിലായതോടെ യമുനാതീരത്തെ വ്യവസായ ശാലകളും അടച്ചുപൂട്ടി. മാലിന്യം എത്താതായതോടെ യമുന ജീവശ്വാസം വീണ്ടെടുത്തു. ദശാബ്ദങ്ങളായി വരാതിരുന്ന ദേശാടന പക്ഷികൾ പോലും യമുനയുടെ തീരം തേടിയെത്തി. കണ്ണാടിപോലെ അടിത്തട്ട് കാണാവുന്ന വെള്ളത്തിൽ നിന്നും നീണ്ട ചുണ്ട് ഉപയോഗിച്ച് കൊക്കുകൾ ഇരപിടിച്ചു.

2000 മുതൽ യമുന ആക്ഷൻ പ്ലാനുമായി സഹകരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് നദിയെ ഇങ്ങനെ തെളിഞ്ഞ് കാണാൻ കഴിയുന്നതെന്നാണ് ഡെറാഡൂൺ വൈൽഡ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ രാജീവ് ചൗഹാൻ പറയുന്നത്. 

1400 കിലോമീറ്റർ നീളത്തിലൊഴുകുന്ന നദി ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പുഴയൊഴുകുന്ന വഴികളിലെയത്രയും വ്യവസായ ശാലകളിലെ മാലിന്യങ്ങൾ വേർതിരിക്കുക പോലും ചെയ്യാതെയാണ് നേരിട്ട് നദിയിലേക്ക് ഒഴുക്കിയിരുന്നത്. കോവിഡ് കാലം മാറിയാലും പുഴകളുടെ ആരോഗ്യം നിലനിർത്താനുള്ള പദ്ധതികളാണ് വേണ്ടതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.