ജൂൺ മാസത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരും; കടുത്ത ആശങ്ക

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ വൈകിട്ട് സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രിതിദിന കേസുകൾ ഇന്ന്  റെക്കോർഡിലെത്താനാണ് സാധ്യത. മഹാരാഷ്ട്രയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ  പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 50,000 കടന്നു. 

മേയ് 19 മുതൽ ഇന്നലെ വരെ അസാധാരണമായ രീതിയിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. എന്നാൽ ഈ വർധനവ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിച്ചതാണ്. ജൂൺ മാസത്തിൽ കോവിഡ് കേസുകളിൽ വലിയ ഉയർച്ച ഉണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും രാജ്യത്ത്  മരണനിരക്ക് കുറവാണ്. കഴിഞ്ഞ 4 ദിവസമായി 6000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും  മരണസംഖ്യ 150 ന് മുകളിൽ പോയിട്ടില്ല. ഇന്നലെ വൈകിട്ട് സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ വിലയിരുത്തിയാൽ  ഇന്ന് കേസുകൾ റെക്കോർഡിലേക്കെത്താൻ സാധ്യതയുണ്ട്. രാജ്യത്ത് ആരോഗ്യ പ്രവർത്തകർ കൂടുതലായി കോവിഡിന് കീഴടങ്ങുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

ഡൽഹിയിൽ 9 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോവിഡ് കണ്ടെത്തി. ഇതോടെ കോവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാൻമാരുടെ എണ്ണം 359 ആയി.തിഹാർ ജയിലിലെ ജീവനക്കാരനും  കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മുക്തമായി പ്രഖ്യാപിച്ചിരുന്ന അരുണാചൽ പ്രദേശിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തു.  ഡൽഹിയിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കോവിഡ്  കണ്ടെത്തിയത്. 2818 പ്രത്യേക ട്രെയിനുകളിലൂടെ 37 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിച്ചെന്നു റെയിൽവേ അറിയിച്ചു. 30 രാജ്യങ്ങളിൽ നിന്ന് ഇതുവരെ 28000 പ്രവാസികളെയും ഇന്ത്യയിലെത്തിച്ചു.