ജനക്കൂട്ടം ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങൾ കൊള്ളയടിച്ചു; പിന്നാലെ 8 ലക്ഷം അക്കൗണ്ടിൽ; നൻമ

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ജീവിച്ചിരുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് വലിയ വാർത്തയായതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. ഡൽഹിയിൽ നിന്നുള്ള ഈ വിഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കൈവണ്ടിയിൽ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡൽഹി ജഗത്പൂരിയിലെ ഒരു സ്കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം. കോവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാൽ ഒരു വിഭാഗം പേർ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോൾ ഇദ്ദേഹം വിൽപ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങൾ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തിൽ ആളുകൾ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാൾ െമാബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ എൻഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാർത്തയിൽ ഉൾപ്പെടുത്തി. ഇതോടെയാണ് സഹായങ്ങൾ എത്താൻ തുടങ്ങിയത്. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.