ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ് മാഡം; ട്വീറ്റുമായി ഗോവ മുഖ്യമന്ത്രി; തിരുത്തി ശൈലജ ടീച്ചർ

കോവിഡിനെതിരായ കേരള മോഡലിന്റെ വിശദവിവരങ്ങൾ പങ്കുവച്ച് രാജ്യാന്തരമാധ്യമായ ബിബിസിയിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി തൽസമയം എത്തിയിരുന്നു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. എന്നാൽ ചർച്ചയിൽ കെ.കെ.ശൈലജ ടീച്ചർക്ക് സംഭവിച്ച നാക്കുപിഴ എടുത്തുകാട്ടി ചില കേന്ദ്രങ്ങളില്‍ നിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഗോവ കേന്ദ്രഭരണ പ്രദേശമല്ലെന്നും ഇന്ത്യയുടെ ഭാഗമാണെന്നും ഗോവ മുഖ്യമന്ത്രി ഡോക്ടർ പ്രമോദ് സാവന്ത് ട്വിറ്ററിൽ ശൈലജ ടീച്ചറുടെ വിഡിയോ അടക്കം പങ്കുവച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഗോവ കേന്ദ്രഭരണ പ്രദേശമാണെന്നാണ് മന്ത്രി ചർച്ചയിൽ പറഞ്ഞത്. ഇതിന് പിന്നാലെ തെറ്റ് തിരുത്തി മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചു. 

ശൈലജ ടീച്ചറുടെ കുറിപ്പ് വായിക്കാം: കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.