ഗോവ ബീച്ചിൽ വാഹനമിറക്കി അഭ്യാസം; കിട്ടിയത് നല്ല 'മുട്ടൻ പണിയും' കേസും; വിഡിയോ

ഗോവയിലെ അഞ്ജുന ബീച്ചിൽ അശ്രദ്ധമായി വാഹനം ഓടിച്ച് 'മുട്ടൻ പണി' ഇരന്നു വാങ്ങിച്ചിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലളിത് കുമാർ ദയാൽ. കടൽ തീരത്ത് കൂടി അശ്രദ്ധമായി വാഹനം ഓടിക്കുകയൂം കടലിൽ ഇറക്കി അഭ്യാസം കാണിക്കുകയും ചെയ്ത വാഹനം അവസാനം കടലിലെ പാറക്കെട്ടുകളിൽ കുടുങ്ങുകയും ചെയ്തു. പ്രദേശവാസിയിൽ നിന്ന് വാടകയ്‌ക്ക് എടുത്ത പുതിയ ക്രെറ്റ വാഹനമാണ് ഇയാൾ കടലിൽ ഇറക്കി നശിപ്പിച്ചത്. സംഭവത്തിൽ മോട്ടോർ വാഹന നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി ഗോവ പോലീസ് അറിയിച്ചു.

ഗോവയിലെ പ്രശസ്തമായ അഞ്ജുന ബീച്ചിലേക്ക് ഇയാൾ വാഹനം ഇറക്കുക ആയിരുന്നു. തുടർന്ന് അപകടകരമായ രീതിയിൽ ബീച്ചിലൂടെ വാഹനം ഓടിക്കുകയും ചെയ്തു. അവസാനം മണൽതിട്ടയിലും പാറക്കൂട്ടങ്ങൾക്കിടയിലും വാഹനം കുടുങ്ങി പോവുകയും ചെയ്തു. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കൽ)  സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി) എന്നിവ പ്രകാരം അഞ്ജുന പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദൽവി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അഞ്ജുന പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിക്രം നായിക് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

നോർത്ത് ഗോവയിലെ മപുസ ടൗണിൽ താമസക്കാരിയായ സംഗീത ഗവദൽക്കർ എന്ന യുവതിയുടെ സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയതിന് കാർ ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.