ഗോവയില്‍ രാഷ്ട്രീയ അട്ടിമറി; 8 കോൺഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്

8 കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ഗോവയില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്. ബിജെപിയില്‍ ലയിക്കാനുള്ള പ്രമേയം വിമതര്‍ പാസാക്കിയതോടെ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിടുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കോണ്‍ഗ്രസ് വിമതര്‍ കൂടിക്കാഴ്ച്ച നടത്തി. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. നിലവില്‍ വിമതര്‍ക്ക് കൂറുമാറ്റ നിരോധനിയമം തടസമാകില്ല.  കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതിനിടയിലാണ് ഗോവയില്‍ വന്‍ അട്ടിമറി. മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും അടക്കം എട്ടുപേരാണ് കോണ്‍ഗ്രസ് പാളയം വിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജപിയില്‍ ചേരുമെന്ന് ആദ്യം സ്ഥിരീകരിച്ചത് ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് താനവഡെയാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം ൈമക്കിള്‍ ലോബോ എടുത്തു. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച്ച നടത്തി. 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 20 എംഎല്‍എമാരാണുള്ളത്. ഭൂരിപക്ഷത്തിന് ഒരു എംഎല്‍എയുടെ കുറവ്. എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. കൂറുമാറാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദിഗംബര്‍ കാമത്തിനെയും മൈക്കിള്‍ ലോബോയെയും അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. 

ഇതില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്കിനെ ഗോവയിലെ പ്രതിസന്ധി തീര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥികളെക്കൊണ്ടും തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരെക്കൊണ്ടും പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു.