ഡോക്ടറെ അർധ നഗ്നനാക്കി റോഡിലൂടെ വലിച്ചിഴച്ചു; പൊലീസുകാരന് സസ്പെൻഷൻ

പൊതുവിടത്തിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ഡോക്ടറെ കൈകൾ പിന്നിൽ കെട്ടി അർധ നഗ്നനാക്കി വലിച്ചിഴച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിശാഖപട്ടണത്താണ് സംഭവം. നർസിപട്ടണത്തെ ആശുപത്രിയിലെ ഡോക്ടറായ കെ. സുധാകറിനെയാണ് പൊലീസ് പൊതുവിടത്തിൽ അപമാനിച്ചത്. പൊലീസുകാരെ അസഭ്യം പറഞ്ഞതിനടക്കം ഡോക്ടർക്കെതിരെ കേസെടുത്തു. ഡോക്ടറെ കൈകൾ പിന്നിൽ കെട്ടി റോഡിലൂടെ പൊലീസ് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു.

ബാങ്ക് ലോൺ ക്ലോസ് ചെയ്യുന്നതിനായി പോകുന്ന വഴിയിൽ പൊലീസ് തന്നെ തടഞ്ഞുവെന്നും ഇത്രയധികം പണം എന്തിനാണ് കാറിൽ കൊണ്ടുപോകുന്നതെന്ന് ചോദിച്ചെന്നും സുധാകർ പറയുന്നു. ബാങ്ക് ആവശ്യത്തിനാണെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും പണം മുഴുവൻ പൊലീസ് കൈക്കലാക്കിയതിന് ശേഷം രണ്ട് മദ്യക്കുപ്പികൾ കാറിൽ വച്ചതായും ഡോക്ടർ ആരോപിക്കുന്നു. മർദ്ദിച്ച് അവശനാക്കിയെന്നും തീവ്രവാദിയാക്കുമെന്ന് ആക്രോശിച്ചതായും സുധാകർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സർക്കാരിനെതിരെ വ്യാജവാർത്ത പരത്തുന്നുവെന്ന് കാണിച്ച് ഡോക്ടറെ ഏപ്രിൽ എട്ടിന് സസ്പെൻഡ് െചയ്തിരുന്നു. ഇതിൽ പ്രകോപിതനായാകാം വാഹന പരിശോധനയ്ക്കിടെ പൊലീസിനെ അസഭ്യം പറയുകയും ഉദ്യോഗസ്ഥരിലൊരാളുടെ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതെന്നും  പൊലീസ് ആരോപിക്കുന്നു.  സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതായി വിശാഖപട്ടണം പൊലീസ് കമ്മീഷണർ അറിയിച്ചു.