വൈഎസ്ആറിനെ ഓർമിപ്പിക്കുന്ന പ്രകടനം; പുതിയ പാർട്ടി; തെലങ്കാനയിൽ ചുവടുറപ്പിച്ച് ഷർമിള

തെലങ്കാനയിലെ രാഷ്ട്രീയചിത്രം മാറ്റിമറിച്ച്  പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിയുടെ സഹോദരി ഷര്‍മിള. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍‌ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് ഷര്‍മിളയുടെ രാഷ്ട്രീയ പ്രവേശം.

വൈഎസ്ആറിനെ ഓര്‍മിപ്പിക്കുന്ന പ്രകടനങ്ങള്‍, നല്ല പ്രംസംഗം, ജനങ്ങളെ കയ്യിലെടുക്കാനുള്ള കഴിവ്. സഹോദരന്‍ ജഗന്‍മോഹനേക്കാള്‍ ഒട്ടും മോശമല്ല ഷര്‍മിളയും . ആന്ധ്രയില്‍ തനിക്ക് വെല്ലുവിളിയാകുമെന്ന ജഗന്‍ ഭയന്നിരുന്ന ഷര്‍മിള പക്ഷെ തെലങ്കാനയിലാണ് തന്‍റെ രാഷ്ട്രീയ ഭാവിക്ക് വിത്തെറിയുന്നത്. ഹൈദരാബാദില്‍ നടന്ന ഹൈടെക് പരിപാടിയില്‍ അമ്മയുടെ സാന്നിധ്യത്തിലാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിക്ക് ഷര്‍മിള തുടക്കം കുറിച്ചത്

ക്ഷേമം, സമത്വം എന്നിവയാണ് തന്‍റെ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളെന്ന് ഷര്‍മിള പറഞ്ഞു.മല്‍സരിക്കുന്ന സീറ്റുകളുടെ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സ്ത്രീകളെ കൂടി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം കൂടി നടത്തി ആദ്യദിനം തന്നെ ഷര്‍മിള. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ജഗന്‍ കഴിഞ്ഞാല്‍ രണ്ടാമാതായി കണക്കാക്കപ്പെട്ടിരുന്ന ഷര്‍മിള പാര്‍ട്ടി വിട്ട് തെലങ്കാനയിലേക്ക് ചേക്കെറിയെങ്കിലും ജഗന് ആശ്വസിക്കാറായിട്ടില്ല. തെലങ്കാനയ്ക്ക് അവകാശപ്പെട്ടത് നേടിയെടുക്കും എന്ന ഷര്‍മിളയുടെ പ്രഖ്യാപനം ആന്ധ്രയില്‍ എതിരാളികള്‍ ആയുധമാക്കുമെന്ന ആശങ്കയിലാണ് ജഗന്‍. ഒന്നര വര്‍ഷത്തോളം ജഗന്‍ ജയിലില്‍ കിടന്നപ്പോള്‌ പാര്‍ട്ടിയെ നയിച്ച കരുത്തും പരിചയവുമുണ്ട് ഷര്‍മിളയ്ക്ക്. പ്രതിപക്ഷം ദുര്‍ബലമായ തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിനൊത്ത എതിരാളി എന്ന നിലയിലേക്കാണ് രാജണ്ണയുടെ മകളുടെ തേരോട്ടം.