മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു; ജനക്കൂട്ടം നോക്കി നില്‍ക്കെ

ആടിനെ ബലി നല്‍കുന്നതിനിടെ മദ്യപന്‍ യുവാവിനെ കഴുത്തില്‍വെട്ടി കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ മദനപ്പള്ളിയെന്ന സ്ഥലത്തെ ക്ഷേത്രത്തിലാണു ജനക്കൂട്ടം നോക്കി നില്‍ക്കെ ബലിയറുക്കാനുള്ള ആടിനെ പിടിച്ചുകൊടുത്തയാളെ വെട്ടിക്കൊന്നത്. ഞായറാഴ്ച പുലര്‍ച്ചയായിരുന്നു ക്രൂരകൊലപാതകം. സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെങ്ങും പൂജകളും വഴിപാടുകളും നടന്നിരുന്നു ഞായറാഴ്ച രാത്രി. ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിക്ക് അടുത്തുള്ള  മണ്ഡലപ്പള്ളി ഗ്രാമത്തിലെ യല്ലമ്മാള്‍ ക്ഷേത്രത്തിലും വിപുലമായ ആഘോഷമുണ്ടായി. അടുത്ത ഒരുവര്‍ഷക്കാലം കൃഷിയെയും ഗ്രാമീണരെയും കാത്തുരക്ഷിക്കാന്‍ ഗ്രാമദേവതായായ യല്ലമ്മാളിനു നിരവധി പേരാണ് ആടിനെയും കോഴിയെയും ബലിയറുത്തു പൂജകള്‍ അര്‍പ്പിച്ചത്. ഇതിനിടയ്ക്കു പുലര്‍ച്ചയൊണു ഗ്രാമത്തിലെ സലപതിയെന്ന യുവാവ് ബലിയറുക്കാനായി ആടുമായി എത്തിയത്. പീഠത്തില്‍ കയറ്റിനിര്‍ത്തി കഴുത്തുവെട്ടാനായി ഒരുങ്ങുമ്പോള്‍ സമീപത്തു നിന്നിരുന്ന സുരേഷന്നയാള്‍ ആടിനെ പിടിച്ചുനല്‍കി. ആടിന്റെ കഴുത്ത് ലക്ഷ്യമാക്കി വെട്ടുന്നതിനു പകരം സലപതിയുടെ കയ്യിലിരുന്ന വാള്‍ പതിച്ചതു സുരേഷിന്റെ കഴുത്തില്‍. 

വെട്ടേറ്റു നിലത്തുവീണു പിടഞ്ഞ സുരേഷനിനെ ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ മദനപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞു മദനപ്പള്ളി റൂറല്‍ പൊലീസ് ക്ഷേത്രത്തിലെത്തി സലപതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ലക്ഷ്യം തെറ്റിയെന്നായിരുന്നു സലപതിയുടെ മൊഴി. കൊലപാതകത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. ക്ഷേത്ര ഭാരവാഹികളടക്കമുള്ളവരെ ചോദ്യം ചെയ്യും. അതേ സമയം  ബലിയുടെ മറവില്‍ ആസൂത്രിതമായി സുരേഷിനെ സലപതി വെട്ടിക്കൊന്നുവെന്നാണു നാട്ടുകാരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്നുമാണ് ആരോപണം. കൊലപാതകം നടക്കുമ്പോള്‍  രണ്ടുപേരും മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നുവെന്നും യഥാര്‍തത്തില്‍ സംഭവച്ചതിനെ കുറിച്ച് അന്വേഷണം തുടങ്ങിയതായും  പൊലീസ് അറിയിച്ചു.