'ഓപ്പറേഷൻ പരിവർത്തന'; 500 കോടിയുടെ 2 ലക്ഷം കിലോ കഞ്ചാവ് കത്തിച്ച് ആന്ധ്രാ പൊലീസ്

വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ച് ആന്ധ്ര പൊലീസ്. ഓപ്പറേഷൻ പരിവർത്തന എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്രയേറെ കഞ്ചാവ് പിടിച്ചെടുത്തത്. 2 ലക്ഷം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായിട്ട് പിടിച്ചെടുത്തതാണ് ഇത്രയേറെ കഞ്ചാവ്.

സംസ്ഥാന പൊലീസ് മേധാവി ഡി. ഗൗതം സാവങിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31–നാണ് ഓപ്പറേഷൻ പരിവർത്തൻ പദ്ധതി നടപ്പാക്കിയത്. നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥര്‍ തീവച്ചത്. 

വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 562 പേര്‍ ഉള്‍പ്പെടെ 1,363 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,500 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓപറേഷന്‍ പരിവര്‍ത്തന്‍ എന്ന ദൗത്യം പ്രകാരമാണ് കഞ്ചാവ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.