കോവിഡ് വ്യാപനം; സമ്പൂർണ അടച്ചിടൽ ആയുധമാക്കി സംസ്ഥാനങ്ങൾ

അതിവേഗം വ്യാപിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ സമ്പൂര്‍ണ അടച്ചിടല്‍ ആയുധമാക്കി സംസ്ഥാനങ്ങള്‍. ഏഴ് സംസ്ഥാനങ്ങള്‍ പൂര്‍ണമായും മറ്റുള്ളവ കോവി‍ഡ് സ്ഥിരീകരിച്ച ജില്ലകളിലും ലോക്ക് ഡൗണ്‍ നടപ്പാക്കി. ഈ മാസം  31 വരെയാണ്  നിലവി‍ല്‍  നിയന്ത്രണം.   ഇന്നലെ മാത്രം രാജ്യത്ത് അറുപതോളം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.

സമൂഹവ്യാപനമാണ് രാജ്യം ഭയക്കുന്ന അടുത്ത ഘട്ടം. ഇത് ഏതുവിധേനയും തടയാന്‍ ഉന്നമിട്ടുള്ള നടപടികളാണ് സംസ്ഥാനങ്ങള്‍ കൈക്കൊള്ളുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര, തെലങ്കാന, ഛത്തീസ്ഗഡ്, ഡല്‍ഹി, നാഗാലാന്‍ഡ്  എന്നിവ ഈമാസം മുപ്പത്തൊന്നുവരെ പൂര്‍ണമായി അടച്ചു. പൊതുഗതാഗതം നിര്‍ത്തി. അവശ്യസേവനങ്ങളും സാധനങ്ങളും മാത്രം ലഭ്യമാക്കും. യുപി, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കോവിഡ് ബാധിത ജില്ലകളില്‍ സമ്പൂര്‍ണവിലക്കും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഗോവയില്‍ ജനതാകര്‍ഫ്യൂ 25 വരെ നീട്ടി. പുണെയില്‍ അവശ്യസേവനങ്ങള്‍ നല്‍കുന്നവര്‍ മാത്രമേ വീടുകള്‍ക്ക് പുറത്തിറങ്ങാവൂ.

കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികളും ഇന്ന് സംസ്ഥാനങ്ങള്‍ കൈക്കൊള്ളും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തെലങ്കാനയില്‍ സര്‍ക്കാര്‍ 87 ലക്ഷം ജനങ്ങള്‍ക്ക് 12 കിലോ വീതം അരിയും 1500 രൂപയും നല്‍കും. കോവിഡ് വ്യാപനം തടയാന്‍ നേപ്പാള്‍ ഇന്ത്യയുമായും ചൈനയുമായുമുള്ള അതിര്‍ത്തികള്‍ അടച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ആശിശ് കുമാര്‍ ചൗഹാന്‍ അറിയിച്ചു.