പറമ്പിൽ മലമൂത്ര വിസർജനം നടത്തിയ ദലിത് യുവാവിനെ തല്ലിക്കൊന്നു

ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിനു തമിഴ്നാട്ടില്‍ ദളിത് യുവാവിനെ തല്ലികൊന്നു. കാഞ്ചിപുരത്തിനു അടുത്തുള്ള വില്ലുപുരത്താണ്  ആള്‍ക്കൂട്ട വിചാരണ നടത്തി യുവാവിനെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.കൊലപാതകവുമായി ബന്ധപെട്ട് വണ്ണിയ സമുദായംഗങ്ങളായ ഏഴുപേര്‍ അറസ്റ്റിലായി.  വ്യാഴാഴ്ച നടന്ന കൊലപാതകം ഇന്നലെയാണ് പുറം ലോകം അറിഞ്ഞത്.

കാഞ്ചിപുരത്തിനു സമീപത്തെ വില്ലുപുരത്തെ  കരായി ദളിത് കോളനിയിലെ ഇരുപത്തിനാലുകാരന്‍ ശ്ക്തിവേലിനാണ് വണ്ണിയ സമുദായത്തില്‍പെട്ടവരുടെ പറമ്പില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ചയാണ് ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും നടന്നത്. സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ശക്തിവേല്‍ വ്യാഴാഴ്ച ഉച്ചയോടെ ആധാര്‍ കാര്‍ഡ് എടുക്കാനാണ് വീട്ടിലെത്തിയത്. മടങ്ങുന്നതിനിടെ   മലമൂത്ര ശങ്കയുണ്ടായി. സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കിറങ്ങിയ ശക്തിവേല്‍   ഉടുത്തിരുന്ന പാന്റ് അഴിക്കുന്നതിനിടെ അതുവഴി വന്ന സ്ത്രീ കണ്ടു. നഗ്നത കാണിക്കുകയെന്നാരോപിച്ച് സ്ത്രീ ഭര്‍ത്താവ് അടക്കമുള്ള ജനകൂട്ടത്തെ വിളിച്ചുകൂട്ടി. 

ശക്തിവേലിന്റെ  ആധാര്‍ കാര്‍ഡില്‍ നിന്ന് ജാതി മനസിലാക്കിയ ജനക്കൂട്ടം കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞു പൊലീസ് എത്തിയെങ്കിലും തുടക്കത്തില്‍ ആശുപത്രിയിലെത്തിക്കാനോ അക്രമികളെ കസ്റ്റഡിയിലെടുക്കാനോ തയാറായില്ല. വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണപെടുകയും ചെയ്തു  കൊലപാതകവുമായി ബന്ധപെട്ട്  വണ്ണിയ സമുദായംഗങ്ങളായ മൂന്നു സ്ത്രീകളടക്കം ഏഴുപര്‍ അറസ്റ്റിലായി..

ശക്തിവേലിനെ ആദ്യം കണ്ട സ്ത്രീ ഗൗരി, ,ഭര്‍ത്താവ് രാജന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടും., കലാപമുണ്ടാക്കല്‍ , കൊലപാതകം,  എസ്.സി എസ്.ടി പീഡന നിരോധന നിയമം, തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ  ചുമത്തിയിരിക്കുന്നത്. അതേ സമയം സംഭവസ്ഥലത്ത് എത്തിയിട്ടും ശക്തിവേലിനെ അക്രമികളില്‍ നിന്ന് മോചിപ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയാറാവാതിരുന്ന വില്ലുപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ എസ്.സി എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘനടകള്‍ രംഗത്ത് എത്തി.ഇത്തരം കൊലപാതകങ്ങളുണ്ടാകുമ്പോള്‍ എസ്.പിയും ജില്ലാ കലക്ടറും സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്ന സുപ്രീം കോടതി ഉത്തരവും ഇവിടെ പാലിക്കപെട്ടിട്ടില്ല.