വീണ്ടും കളംമാറ്റി പവന്‍‍; ഇനി ബിജെപിയുമായി സഖ്യം‍; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്

2014 ല്‍ ബിജെപിക്കൊപ്പം പോരാടിയെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ജനസേന പാർട്ടി ഇനി ബിജെപിയുടെ സഖ്യകക്ഷിയാണ്. ഇരുപാര്‍ട്ടികളും തിര‍ഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടുമെന്ന് നടനും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാൺ. 2024ല്‍ ആന്ധ്രയുടെ അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് സഖ്യരൂപീകരണ ശേഷം പവന്‍ പറഞ്ഞു. ഇരുപാര്‍ട്ടികളുടെയും സംയുക്തവാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ബിജെപിയുമായുള്ള സഖ്യം ആന്ധ്രാപ്രദേശിന്റെ നല്ല ഭാവിക്കായാണെന്ന് പവൻ കല്യാൺ പറഞ്ഞു. ഇതിനായി ബിജെപിയുമായി കൈകോര്‍ത്ത് ഒരുമിച്ച് പോരാടും. 2014ന് ശേഷം തങ്ങളുടെ ആശയവിനിമയത്തില്‍ വിടവ് ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ അതിന് മാറ്റമുണ്ടായി. മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പവന്‍ പറഞ്ഞു.

രാഷ്ട്രീയ ജാതി, രാഷ്ട്രീയ രാജവംശം, സംസ്ഥാനത്തെ അഴിമതി എന്നിവ അവസാനിപ്പിക്കാന്‍ ഒരുമിച്ച് പോരാടും. സഖ്യരൂപീകരിച്ചതിനെ ചരിത്രദിനമെന്നാണ് ബിജെപിയുെട സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ പറഞ്ഞത്. എന്നാല്‍, തെലുങ്കദേശമോ, വൈആര്‍എസ് കോണ്‍ഗ്രസായോ സഖ്യമുണ്ടാകില്ലെന്നും ബിജെപി വ്യക്തമാക്കി. 2019ല്‍ ബിഎസ്പിയും ഇടതുപക്ഷവുമായി ചേര്‍ന്ന് ജനസേന മത്സരിച്ചിരുന്നു.

എന്നാല്‍ പവന്റെ പാര്‍ട്ടിക്ക് സ്ഥിരതയില്ലെന്ന് വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു. 2019 ല്‍ തിരഞ്ഞെടുപ്പില്‍ ജനസേനയ്ക്ക് ഏഴു ശതമാനത്തില്‍ താഴെ വോട്ടും ബിജെപിക്ക് ഒരു ശതമാനത്തില്‍ താഴെ വോട്ടുമാണ് ലഭിച്ചതെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവ് പ്രതികരിച്ചു.