പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; 48 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്; അദ്ഭുതം

അദ്ഭുതമാവുകയാണ് ഇൗ കുഞ്ഞ്. ജീവനോടെ കുഴിച്ചുമൂടി 48 മണിക്കൂർ കഴിഞ്ഞിട്ടും മരിക്കാതെ വീണ്ടും ജീവിതത്തിലേക്ക് പെൺകുഞ്ഞിന്റെ അപൂർവ തിരിച്ചുവരവ്. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ബറേലിയിലാണ് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇപ്പോൾ കുഞ്ഞ് അപടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തപ്പോഴാണ് ബാഗിൽ അടക്കം ചെയ്ത നിലയിൽ ജീവനോടെ കുഞ്ഞിനെ കണ്ടെത്തിയത്. 

മണ്ണിൽ നിന്നും കുഞ്ഞിനെ ലഭിക്കുമ്പോൾ 1.1 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ഇപ്പോൾ കുഞ്ഞ് കുപ്പിപ്പാൽ കുടിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പറയുന്നു. പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ഓക്സിജൻ അധികം വേണ്ടാത്തതാണ് കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡോക്ടർമാർ പറയുന്നു. വളർച്ചയെത്താതെ ജനിച്ചതു കൊണ്ട് കുഞ്ഞിനെ കുഴിച്ചുമൂടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതുവരെ കുഞ്ഞിനെ തേടി ആരും എത്തിയിട്ടില്ല. ദത്തെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടേറെ പേരാണ് എത്തുന്നത്.