കനത്തനാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരം വിട്ടു; 8 മരണം

കനത്തനാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരം വിട്ടു. ബംഗാളിലും ഒഡീഷയിലുമായി എട്ടു പേര്‍ മരിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. 

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് ബുള്‍ബുള്‍ ബംഗാള്‍ തീരത്ത് ആഞ്ഞുവീശിയത്.  സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍, സൗത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ നാശനഷ്ടം. ബംഗ്ലാദേശിലേക്ക് കടന്നതോടെ ബുള്‍ബുളിന്‍റെ തീവ്രത കുറഞ്ഞു. ബംഗാളില്‍ ആറ് പേരും ഒഡീഷയില്‍ രണ്ട് പേരും മരിച്ചു. മരം വീണാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിച്ചതായി മന്ത്രി ജാവേദ് ഖാന്‍ പറഞ്ഞു.

ചുഴലിക്കറ്റിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊല്‍ക്കത്ത വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും മോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വാഗ്ദാനം ചെയ്തു. . ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അനേകം മരങ്ങള്‍ കടപുഴകി. മല്‍സ്യബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.