ഫോനിയുടെ രൗദ്രത നിരീക്ഷിച്ച് ഇന്ത്യൻ ഉപഗ്രഹങ്ങൾ; രക്ഷിച്ചത് ആയിരങ്ങളെ

രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി ഫോനി ഒഡിഷയെ വിറപ്പിച്ച് കടന്നുപോയിരിക്കുകയാണ്. എന്നാൽ അധികം ആളപായമില്ലാതെ രാജ്യം ഒറ്റക്കെട്ടായി നിന്ന് ഫോനിയെ നേരിട്ടു. കൃത്യമായ മുന്നറിയിപ്പുകളും നിർദേശങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു എന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാൻ ഇടയായത്.  അഞ്ച് ഉപഗ്രഹങ്ങളാണ് ഫോനി കൊടുങ്കാറ്റിനെ മാത്രം നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നത്. 

ഫോനിയുടെ രൂപമാറ്റങ്ങളും പുരോഗമനങ്ങളും ഒരോ 15 മിനിറ്റിലും ഐഎസ്ആര്‍ഒയുടെ  ഉപഗ്രഹങ്ങള്‍ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി നൽകിയിരുന്നു. ഇതിനെ മുൻനിർത്തിയാണ് ഫോനിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞത്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്കാറ്റ്സാറ്റ് 1, ഓഷ്യന്‍ സാറ്റ്-2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ് ഫോനിയെ നിരീക്ഷിച്ചത്. 

ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് ഫോനി തീരത്തോട് അടുത്തപ്പോൾ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിൽ നിന്നും 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനായത്. ഇതാണ് ആളപായത്തിന്റെ എണ്ണം കുറയ്ക്കാൻ സഹായകമായതും. ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളില്‍ നിന്നും സ്കാറ്റ് സാറ്റ്-1, ഒഷ്യന്‍ സാറ്റ് -2 എന്നിവയാണ് നിര്‍ണ്ണായകമായ സമുദ്രനിരപ്പ്, കാറ്റിന്‍റെ വേഗതയും ദിശയും എന്നിവ സംബന്ധിച്ച വിവരങ്ങൾ നല്‍കിയത്.