ഫോനി; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പതിനായിരങ്ങളെ ഒഴിപ്പിച്ചു; ദുരന്തം ഒഴിവായി

മുന്‍കരുതലിന്‍റെ ഭാഗമായി പതിനായിരങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതാണ് ഫോനി ശക്തമായി വീശിയടിച്ചിട്ടും  മരണസഖ്യ ഉയരാതിരിക്കാന്‍ കാരണം. 14 ജില്ലകളില്‍നിന്നായി പന്ത്രണ്ട് ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ക്യാംപുകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് സൈന്യവും തീരസംരക്ഷണ സേനയും ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ്. 

14 ജില്ലകളില്‍  സുരക്ഷിതരല്ലാത്ത കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന പന്ത്രണ്ട് ലക്ഷത്തോളംപേരാണ് വിവിധ ക്യാംപുകളിലായി കഴിയുന്നത്. തീരമേഖലയിലുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചു. ആശുപത്രി, ഹോസ്റ്റല്‍ തുടങ്ങി അപകടമുണ്ടാകാനിടയുള്ള എല്ലാ സ്ഥലത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

സൈന്യത്തിന് പുറമെ തീരസംരക്ഷണ സേനയും ക്യാംപിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമെത്തിക്കാന്‍ മുന്നിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ദുരിതാശ്വാസ സഹായങ്ങളും വരും ദിവസങ്ങളില്‍ ഒഡീഷയിലെത്തും.