കൊടുങ്കാറ്റിൽ ഉലയാതെ ഒഡിഷ പൊലീസ്; കയ്യടിച്ച് സോഷ്യൽ മീഡിയ; ചിത്രങ്ങൾ

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കാറ്റ്, കനത്ത മഴ. ഫോനി കൊടുങ്കാറ്റ് ഒഡിഷയെ വിറപ്പിച്ച് നീങ്ങിയത് ഇങ്ങനെയാണ്. മരങ്ങൾ കടപുഴകി, വൈദ്യുതിയും മറ്റ് ആശയവിനിമയ സംവിധാനങ്ങളും നിലച്ചു, ചെറിയ വീടുകൾ നിലംപൊത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും വീശിയടിച്ച കാറ്റ് എട്ട് പേരുടെ ജീവനും എടുത്തു.

ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റിൽ പക്ഷേ ഒഡീഷ തകർന്നില്ല എന്നു തന്നെ പറയാം. കാരണം അത്രമാത്രം തയാറെടുപ്പുണ്ടായിരുന്നു ആ സംസ്ഥാനത്ത്. കൃത്യസമയത്ത് തന്നെ ജനങ്ങളെയെല്ലാം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതാണ് ദുരന്തം ഒഴിവാക്കിയത്. അതിന് ഒഡിഷയിലെ തീര രക്ഷാപ്രവർത്തകരെയും പൊലീസിനെയും എത്ര വാഴ്ത്തിയാലും മതിയാകില്ല. അതിന് തെളിവാണ് ഒഡിഷ പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ. 

ലക്ഷങ്ങളെ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷിച്ചു; ഒഡീഷ കാട്ടിയ പാഠം: കേരളത്തിനും പഠിക്കാം

ചെറുപ്പക്കാരിയായ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ രണ്ട് സ്ത്രീകളുമായി സ്കൂട്ടറിൽ പോകുന്ന ചിത്രം വൈറലായിരിക്കുകയാണ്. മറ്റൊരു ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥ പ്രായമായ സ്ത്രീയെ തോളിലേറ്റി മാറ്റിപ്പാർപ്പിക്കുന്നു. കാറ്റിനെ ഭയന്നോടുന്ന കുടുംബത്തിലെ കുട്ടിയെ കയ്യിലെടുത്ത് സുരക്ഷിതമായ സ്ഥലത്തെത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ, റോഡിലേക്ക് കടപുഴകി വീണ മരം നീക്കുന്ന ഉദ്യോഗസ്ഥർ, സുരക്ഷാകേന്ദ്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നവർ..ഇങ്ങനെ നീളുന്നു കാഴ്ചകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനകം 12 ലക്ഷത്തോളം പേരെയാണ് 10000 ഗ്രാമങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്.