ലക്ഷങ്ങളെ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷിച്ചു; ഒഡീഷ കാട്ടിയ പാഠം: കേരളത്തിനും പഠിക്കാം

‘എങ്ങനെയാണ്, ലക്ഷക്കണക്കിന് മനുഷ്യരെ ഒരു ചുഴലിക്കാറ്റില്‍ നിന്ന് രക്ഷിക്കുക, ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനത്തോട് ചോദിക്കൂ..’ ന്യൂയോര്‍ക് ടൈംസ് പത്രത്തിലെ തലക്കെട്ടാണിത്. വാര്‍ത്ത ഒഡിഷയെക്കുറിച്ചാണ്. ഫോനി ചുഴലിക്കാറ്റിനെ നേരിട്ട രീതിയെക്കുറിച്ചാണ്. ദരിദ്രസംസ്ഥാനമെന്ന പ്രയോഗമുണ്ടെങ്കിലും ഈ വാര്‍ത്തയിലൂടെ ലോകത്തിന് മുന്നില്‍ അംഗീകരിക്കപ്പെട്ടത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ സംവിധാനങ്ങളും തന്നെ. 

മുന്നറിയിപ്പുകളില്‍ പാളിച്ചയില്ല, പഴികളില്ല. നൂറുകണക്കിന് മനുഷ്യരുടെ ജീവനെടുക്കാമായിരുന്ന ഫോനിയെ പുല്ലുപോലെ പറത്തിവിട്ടു പട്നായിക്. അതാണ് നേതൃത്വം. അവിടെ കണ്ടതാണ് ദുരന്തനിവാരണം. ദുരന്തത്തിന് ശേഷമല്ല ദുരന്തത്തെ നേരിടാനുള്ള മുന്‍കരുതലാണ് ശരിയായ ഡിസാസ്റ്റര്‍ മാനേജ്മെന്‍റെന്ന് കാണിച്ചു തന്നു ഒഡിഷ. 

മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന ചടങ്ങുതീര്‍ക്കല്‍ അറിയിപ്പല്ല, 26 ലക്ഷം ഫോണ്‍ സന്ദേശങ്ങള്‍, 43,000 വോളന്‍റിയര്‍മാര്‍, 1000 അടിയന്തസന്നദ്ധപ്രവര്‍ത്തകര്‍, നിര്‍ത്താതെയുള്ള ടെലിവിഷന്‍ പരസ്യങ്ങളിലൂടെയുള്ള മുന്നറിയിപ്പ്, തീരദേശ സൈറണുകള്‍, സര്‍വസജ്ജമായിരുന്നു ഭുവനേശ്വര്‍. മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രാദേശികഭാഷയില്‍ ഏതുസാധാരണക്കാരനും വരാനിരിക്കുന്ന ദുരന്തം മനസിലാകുന്ന തരത്തിലും. 

കലിതുള്ളി വരുന്ന കാറ്റ് വസ്തുവകകള്‍ കൊണ്ടുപൊയ്ക്കോട്ടെ, പക്ഷേ ജീവഹാനി പരമാവധി കുറയ്ക്കണം എന്ന ഉറച്ച നിലപാടിലായിരുന്നു ഒഡിഷ സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനമന്നാല്‍ ആളുകളെ അപകടസാധ്യതാ മേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിപ്പിക്കലായിരുന്നു. പൊലീസും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ വാഹനങ്ങളില്‍ കയറ്റി താല്‍ക്കാലിക രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. രാവും പകലും നീണ്ട കഠിനാധ്വാനം. അപകടസാധ്യതാമേഖലയിലെ ജനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ടായിരുന്നതിനാല്‍ ജോലി എളുപ്പമായി. സര്‍ക്കാര്‍ ബസുകളില്‍ പരമാവധി ആളുകളെ കയറ്റി ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിച്ചു. 

സര്‍ക്കാര്‍ ശ്രമങ്ങളുമായി പെട്ടന്നുതന്നെ സഹകരിച്ച സാധാരണമനുഷ്യരും ഈ ദൗത്യത്തെ വിജയിപ്പിച്ചു. 300 രക്ഷാബോട്ടുകളും, രണ്ട് ഹെലികോപ്ടറുകളും മുഴുവന്‍ സമയ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. ക്യാംപുകള്‍ക്ക് സ്ഥലമന്വേഷിച്ച് അലയേണ്ടിയും വന്നില്ല ഒഡിഷയ്ക്ക്. പ്രകൃതിദുരന്തങ്ങളില്‍പ്പെടുന്നവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളും അവിടെ തയാറാണ്.  

=ഒഡിഷയ്ക്ക് ഇത് പുത്തരിയല്ല.  2013ൽ 210 കിലോമീറ്റർ വേഗത്തിൽ വിനാശകരമായ ചുഴലിക്കാറ്റുണ്ടായിട്ടും മരണം പത്തിനു താഴെ മാത്രമായിരുന്നു. 1999ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേര്‍ മരിച്ച സംസ്ഥാനമാണത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ഒഡിഷ നല്ല തയാറെടുപ്പ് നടത്തി. അതില്‍ മുഖ്യമായത് രാഷ്ട്രീയ ഇച്ഛാശക്തി തന്നെ. സ്വന്തം ജീവന്‍പോലെ തന്നെ വിലപ്പെട്ടതാണ് ഓരോ മനുഷ്യജീവനുമെന്ന് അംഗീകരിച്ച നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പ്രയത്നങ്ങള്‍. 

ലോകോത്തരനിലവാരമുള്ള കാലാവസ്ഥാപ്രവചന സംവിധാനങ്ങൾ ഉള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഏതു സംസ്ഥാനത്തിനും ഇത് സാധിക്കേണ്ടതാണ്.  73ശതമാനം മാത്രമാണ് ഒഡിഷയുടെ വിദ്യാഭ്യാസ നിലവാരം.  പക്ഷേ പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ അവര്‍ 93 ശതമാനം വിദ്യാഭ്യാസമുള്ള കേരളത്തെക്കാള്‍ എത്രയോ സമര്‍ഥര്‍. ഇരുനൂറും മുന്നൂറും മനുഷ്യരുടെ ജീവനെടുക്കുന്ന പ്രകൃതിദുരന്തങ്ങളോട് എത്ര നിരുത്തരവാദപരമായാണ് നമ്മുടെ ഭരണാധികാരികള്‍ പ്രതികരിക്കുന്നത്. സൂനാമി, ഓഖി, പ്രളയം, എത്രയോ ജീവനുകളെ നിസാരമായി വിട്ടുകൊടുത്തു നമ്മള്‍. മനുഷ്യജീവന്‍റെ വില പുരി ജഗന്നാഥന്‍റെ നാടിനെപ്പോലെ ദൈവത്തിന്‍റെ സ്വന്തം നാട് ഇനിയെന്ന് മനസിലാക്കും.