ആഞ്ഞടിച്ച് ഫോനി; എയിംസില്‍ മേൽക്കൂര പറന്നു: വിഡിയോ

വൻ നാശം വിതച്ച് ഒാഡീഷയെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫോനി ചുഴലിക്കാറ്റ്. 1999 നു ശേഷം ഒഡീഷ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രത പുലർത്തുകയാണ്. ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററിൽ നിന്ന് 130 കീ.മി ആയി കുറഞ്ഞിരുന്നു. ഭുവനേശ്വവറിൽ ആഞ്ഞുവീശുന്ന ഫോനിയിൽ എയിംസിലെ ഹോസ്റ്റലിന്റെ മേൽക്കൂര പറന്നുപോകുന്ന ദൃശ്യം പുറത്തുവന്നു. ചുഴലിക്കാറ്റിന്റെ ആധിക്യം വിഡിയോയിൽ നിന്ന് ദൃശ്യമാണ്. എയിംസ് ആശുപത്രിക്ക് ചുറ്റുപാടും കനത്ത കാറ്റും മരങ്ങൾ ഒടിഞ്ഞുവീഴുന്നതും കാണാം. എന്നാൽ രോഗികളും, ആശുപത്രി ജീവനക്കാരും, വിദ്യാർത്ഥികളും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.



അതേസമയം ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരിയെ തുടര്‍ന്ന് ഒഡീഷയിലെ പുരിയിലും ഗോപാല്‍പൂരിലും വെളളപ്പൊക്കമുണ്ടായി. ഒഡീഷയില്‍ ഇന്നുമുഴുവന്‍ കനത്ത കാറ്റും മഴയും തുടരും. ദുരിതാശ്വാസത്തിന് ആയിരം കോടി അനുവദിച്ചതായി പ്രധനാമന്ത്രി അറിയിച്ചു.

ഒഡീഷയുടെ തീരമേഖലയെ തകര്‍ത്തെറിഞ്ഞ് ഫോനി ചൂഴലിക്കാറ്റ് ബംഗാളിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍. തീരം കടന്ന് കരയില്‍ ആഞ്ഞുവീശുന്ന ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം ആറായി. കരതൊടുമ്പോള്‍ 180 കിലോ മീറ്ററായിരുന്നു കൊടുങ്കാറ്റിന്‍റെ വേഗം. ഇപ്പോള്‍ വേഗം 130 കിലോമീറ്ററായി കുറഞ്ഞെങ്കിലും കെടുതികള്‍ക്ക് അറുതിയില്ല. ശക്തമായ കാറ്റും മഴയും ഒഡീഷയുടെ തീരമേഖലാ ജില്ലകളില്‍ തുടരുന്നു. കടലാക്രമണവും രൂക്ഷമാണ്. 20 അടിവരെ ഉയരത്തിലാല്‍വരെ തിരമാല വീശയടിക്കുന്നു. തീരദേശ തീര്‍ഥാടന കേന്ദ്രമായ പുരിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വൈകിട്ടോടെ ബംഗാളിലേക്ക് കടക്കുന്ന ചുഴലിക്കാറ്റ് നാളെ ബംഗ്ലാദേശിലേക്ക് കടക്കും.