തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാതെ പ്രിയങ്ക ഗാന്ധി; നിരാശയില്‍ അണികള്‍

priyanka
SHARE

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ തീരുമാനം കോൺഗ്രസ് അണികൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത് വലിയ നിരാശ. പ്രചാരണത്തിന് ചുക്കാൻ പിടിക്കേണ്ടത് പ്രിയങ്ക ഗാന്ധി ആണെന്നും കുടുംബാധിപത്യം എന്ന ആരോപണം ബിജെപി ശക്തമാക്കുമെന്നതുമടക്കമുള്ള വിശദീകരണങ്ങൾ അണികൾക്ക് ദഹിച്ചിട്ടില്ല. 

 ഇതുപോലെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രിയങ്ക ഗാന്ധി മോദിക്ക് നൽകുന്ന ചുട്ട മറുപടികൾ കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ല.  മോദിക്ക് ശക്തമായ തിരിച്ചടി നൽകുന്ന പ്രിയങ്ക ഗാന്ധി മത്സരത്തിന് ഇറങ്ങേണ്ടത് അനിവാര്യമാണെന്ന് നേതാക്കളും പ്രവർത്തകരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. പക്ഷേ രണ്ടുമാസം മുൻപേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ച മത്സരിക്കാൻ ഇല്ലെന്ന തീരുമാനത്തിൽ പ്രിയങ്ക ഉറച്ചുനിന്നു.  സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം പാർലമെന്റിൽ എത്തുന്നത് കുടുംബാധിപത്യം എന്ന ബിജെപി ആരോപണത്തിന് കരുത്ത് പകരുന്നത് ഒഴിവാക്കാനാണ് പ്രിയങ്കയുടെ തീരുമാനം എന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽകോൺഗ്രസിന് ശക്തമായ ഒരു തീരുമാനവും എടുക്കാൻ ആവില്ലെന്ന് പ്രവർത്തകർ പറയുന്നു. പ്രിയങ്കയെ ഒരു മണ്ഡലത്തിലേക്ക് ഒതുങ്ങുന്നത് പാർട്ടി പ്രചാരണത്തെ ബാധിക്കും എന്നാണ് മറ്റൊരു വിശദീകരണം. ഇതിനു മുൻപും പല താരപ്രചാരകരും മത്സരിച്ച പാരമ്പര്യമുള്ള പാർട്ടിയിൽ ഈ വിശദീകരണം വിലപ്പോയേക്കില്ല. പ്രിയങ്ക ഗാന്ധിയുടെ മാറിനിൽക്കൽ മൂലം അമേഠിയിൽ ഗാന്ധി കുടുംബത്തിൻറെ പ്രതിനിധിയില്ലാതെ പോയത്,  നൽകുന്ന സന്ദേശം ദുർബലമെന്ന് ഒരുവിഭാഗം നേതാക്കൾ  വിലയിരുത്തുന്നു. ഗാന്ധി കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എട്ടാമത്തെ അംഗമായി വരേണ്ടിയിരുന്ന പ്രിയങ്ക ഗാന്ധി പ്രചാരണത്തിൽ മാത്രം ഒതുങ്ങുമ്പോൾ ജനങ്ങളിൽ ഉടലെടുക്കുന്ന നിരാശ വോട്ടിനെ ബാധിക്കുമോ എന്നാണ് മുതിർന്ന നേതാക്കളുടെ ആശങ്ക.. രാഹുൽ രണ്ടു മണ്ഡലങ്ങളിലും ജയിച്ച് ഒരു മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പിലൂടെ വരുമെന്ന അഭ്യൂഹം ഇതോടെ വീണ്ടും ശക്തമാണ്. ഇതിനിടെ അമേഠിയിൽ അവകാശവാദം ഉന്നയിച്ചെത്തിയ റോബർട്ട് വാദ്ര ഉണ്ടാക്കിയ ചർച്ചകൾ പാർട്ടിക്കുണ്ടാക്കിയ സമ്മർദ്ദത്തിനൊപ്പം ഗാന്ധി കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

Priyanka gandhi says she will not enter electoral politics

MORE IN INDIA
SHOW MORE