ഹരിയാനയിൽ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്; തൂക്കുനിയമസഭ; ഇന്ത്യ ടുഡേ സർവേ

ഹരിയാനയിൽ ബിജെപിക്കും കോൺഗ്രസിനും തുല്യസാധ്യത പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. സംസ്ഥാന തൂക്കുനിയമസഭക്കുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. അവസാന തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 47 സീറ്റിലും വിജയിച്ച ബിജെപിക്ക് ഇത്തവണ 32നും 44നും ഇടയിൽ സീറ്റ് മാത്രമെ ലഭിക്കൂവെന്നും സർവേ പറയുന്നു. 

കോൺഗ്രസിന് 30നും 44നും ഇടയിൽ സീറ്റ് ലഭിക്കാനാണ് സാധ്യതയെന്നാണ് സർവേ പറയുന്നത്. അവസാന തിരഞ്ഞെടുപ്പിൽ വെറും 15 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്.ബിജെപിക്ക് 33 ശതമാനം വോട്ടുവിഹിതവും കോൺഗ്രസിന് 32 ശതമാനവുമാണ് സർവേ പ്രവചിക്കുന്നത്.  ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് അനായാസ ജയം പ്രവചിച്ചപ്പോഴാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ തുല്യസാധ്യത മുന്നോട്ടുവെക്കുന്നത്. 

ജെജെപിക്ക് ആറു മുതല്‍ പത്തു വരെ സീറ്റുകളാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ പ്രവചിക്കുന്നത്. മറ്റുകക്ഷികള്‍ക്ക് ആറുമുതല്‍ പത്ത് വരെ സീറ്റുകള്‍ പ്രവചിക്കുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാതെര‍ഞ്ഞെടുപ്പ് നടന്നത്.