മോദി വിരുദ്ധനെന്ന വാര്‍ത്തകളപ്പറ്റി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു: അഭിജിത്ത്

മോദി വിരുദ്ധനാണെന്ന തരത്തില്‍ തന്നെ കുടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി സാമ്പത്തിക നൊബേല്‍ പുരസ്ക്കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് അഭിജിത് ബാനര്‍ജിയുടെ പ്രതികരണം. ആര്‍ദ്രം പദ്ധതിയുടെ ചര്‍ച്ചകള്‍ക്കിടെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും കേരളവുമായി ഇനിയും സഹകരിക്കാന്‍ തയ്യാറാണെന്നും അഭിജിത് ബാനര്‍ജി വ്യക്തമാക്കി.

അഭിജിത് ബാനര്‍ജിക്കെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ രംഗത്തിറങ്ങിയ സമയത്താണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. മനുഷ്യന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളെക്കുറിച്ച് വിശാലമായ ചര്‍ച്ച നടന്നുവെന്നും മോദി ട്വീറ്റിലുണ്ട്. താന്‍ മോദി വിരുദ്ധനാണെന്ന വാര്‍ത്തകളെക്കുറിച്ച് പ്രധാനമന്ത്രി തന്നെ ഹാസ്യരൂപേണ തന്നോട് പറഞ്ഞതായി അഭിജിത് ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍ദ്രം പദ്ധതിയുടെ ചര്‍ച്ചകള്‍ക്കിടെ മോശം അനുഭവമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ അഭിജിത് ബാനര്‍ജി തള്ളിക്കളഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ക്കുവേണ്ടി കേരളവുമായി ഇനിയും സഹകരിക്കാന്‍ തയ്യാറാണ്. ആരോഗ്യരംഗത്തെ കേരള മോഡലിനെക്കുറിച്ച് വ്യക്തമായി അറിയില്ല. കേരളത്തെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ ഇടപെടല്‍ ഇല്ലാതാക്കാന്‍ ബാങ്കുകളിലെ സര്‍ക്കാര്‍ വിഹിതം 50 ശതമാനത്തില്‍ താഴെ കൊണ്ടുവരണമെന്ന് അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു.