നാലുതവണ ജയിച്ച മന്ത്രിയെ മാറ്റി; സീറ്റ് ചായക്കടക്കാരന്; ബിജെപി നീക്കം

ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹോട്ട് സീറ്റ്’ എന്ന വിശേഷണമുള്ള ഷിംല അർബൻ സീറ്റിൽ ‘ചായക്കടക്കാരന്’ അവസരം നൽകി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി നേതൃത്വം. ഷിംല അർബൻ സീറ്റിൽ നാല് തവണ മത്സരിച്ച് വിജയിച്ച ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിന് പകരക്കാരനായി ഷിംലയിൽ ചായക്കട നടത്തുന്ന സഞ്ജയ് സൂദിനെ അവതരിപ്പിച്ചാണ് ബിജെപി പോരാട്ടം കടുപ്പിച്ചത്. ഷിംല അർബൻ സീറ്റ് സഞ്ജയ് സൂദിനു നൽകിയതോടെ കസുംപ്തി മണ്ഡലത്തിൽ നിന്നാകും സുരേഷ് ഭരദ്വാജ് ജനവിധി തേടുക. 

1991 മുതൽ ഷിംലയിൽ ഞാൻ ചായക്കട നടത്തുകയാണ്. ഇതിനു മുൻപ് ബസ്‌ സ്റ്റാൻഡിൽ പത്രം വിൽക്കുന്ന പണിയായിരുന്നു. പത്രം വിറ്റായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മെഡിക്കൽ റപ്രസന്റേറ്റീവ് ആയി രണ്ട് വർഷം ജോലി നോക്കിയതിനു പിന്നാലെയാണ് ചായക്കട തുടങ്ങാൻ തീരുമാനിച്ചത്– സഞ്ജയ് സൂദ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ചായക്കടക്കാരൻ’ എന്ന ലേബലിൽ ബിജെപി അവതരിപ്പിക്കുന്നുണ്ടെങ്കിലും  ഷിംലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും ശ്രദ്ധേയ വ്യക്തിത്വവുമാണ് സഞ്ജയ് സൂദ്. 1980 ൽ ബിജെപി രൂപീകൃതമായതു മുതൽ താൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നു സഞ്ജയ് സൂദ് പറയുന്നു. ഷിംല ബിജെപി ജില്ലാ നേതൃത്വത്തിൽ ശ്രദ്ധേയമായ ചുമതലകൾ  സഞ്ജയ് സൂദ് വഹിച്ചിട്ടുണ്ട്. ഷിംല ബിജെപി ജില്ലാ അധ്യക്ഷൻ, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.  ഷിംല മുൻസിപ്പൽ കോർപറേഷനിലെ കൗൺസിലറായി രണ്ട് വട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 62 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് 46 സീറ്റുകളിലെയും സ്ഥാനാർഥികളെ  പ്രഖ്യാപിച്ചു. 11 സിറ്റിങ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചു. കോൺഗ്രസ് നിലവിലുള്ള എംഎൽഎമാർക്കെല്ലാം അവസരം നൽകി. നവംബർ 12നാണ് തിരഞ്ഞെടുപ്പ്. ഈ മാസം 25 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി.