ചമ്പയിൽ പ്രസംഗത്തിനിടെ മോദി ആ പാട്ടോർത്തു; ദേവികയ്ക്ക് അഭിമാനം

ഹിമാചൽപ്രദേശിലെ ചമ്പയിൽ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2 വർഷം മുൻപ് കേട്ട ഗാനം ഓർത്തു; അതു പാടിയ തിരുവനന്തപുരത്തെ വിദ്യാർഥി എസ്.എസ്.ദേവികയുടെ പേരും. രണ്ടു വർഷം മുൻപ് ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ പദ്ധതിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദേവിക പാടിയ ‘മായേനി മേരിയേ... ചമ്പാ കിത്‍‍നീ ദൂർ’ എന്ന നാടോടി ഗാനം വൈറലായിരുന്നു. 

ഇന്നലെ ചമ്പയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ദേവികയുടെ ഗാനം പ്രധാനമന്ത്രി അനുസ്മരിച്ചത്. ഹിന്ദി മാതൃഭാഷയല്ലാത്ത കേരളത്തിൽ ജനിച്ച പെൺകുട്ടി ഹിന്ദി പഠിച്ച് ഗാനം ആലപിച്ചത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പാട്ട് വൈറലായതിനെപ്പറ്റിയുള്ള ‘മനോരമ ന്യൂസ്’ വാർത്ത 2020 ൽ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഒപ്പം, ‘ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ആല‍ാപനം ഏകഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ അന്തഃസത്ത ശക്തിപ്പെടുത്തുന്നു’ എന്നും കുറിച്ചു.

ഇപ്പോൾ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവിക. തിരുമല ശാന്തിനഗർ ദേവാമൃതത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ സംഗീതയുടെ മകൾ. വഴുതക്കാട് കാവാലം മ്യൂസിക് സ്കൂളിൽ കാവാലം സജീവനാണ് സംഗീതം പഠിപ്പിക്കുന്നത്.