‘ഷായുടെ മകൻ ഇപ്പോഴും ബിസിസിഐയിൽ; ഗാംഗുലി പുറത്തായി; ഞാൻ ഞെട്ടി’

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയ മുൻ താരം കൂടിയായ സൗരവ് ഗാംഗുലിയെ പിന്തുണച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാംഗുലിക്ക് സ്ഥാനമാനങ്ങൾ നഷ്ടമായെന്നും, ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐസിസി) അയയ്ക്കണമെന്നും മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഗാംഗുലിയെ അകാരണമായി പുറത്താക്കിയതാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.

‘ഗാംഗുലിക്ക് ഇപ്പോൾ സ്ഥാനമാനങ്ങളില്ല. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? എനിക്ക് വിഷമം തോന്നുന്നു. സത്യത്തിൽ ഈ സംഭവങ്ങളെല്ലാം എന്നെ ഞെട്ടിച്ചു. ഗാംഗുലി വളരെ പ്രശസ്തനായ വ്യക്തിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. രാജ്യത്തിനായി അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ അഭിമാനമാണ്. ഇത്തരത്തിൽ തീർത്തും മോശമായ രീതിയിൽ ഗാംഗുലിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?’ കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എനിക്ക് പ്രധാനമന്ത്രിയോട് ഒരു അഭ്യർഥനയുണ്ട്. ഗാംഗുലിയുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം. അദ്ദേഹത്തെ ഐസിസിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണം’ മമത പറഞ്ഞു. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നോമിനേഷൻ നൽകേണ്ട അവസാന തീയതി ഈ മാസം ഇരുപതാണ്.

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് സ്ഥാനം നഷ്ടമായെങ്കിലും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തു തുടരും.‘ഗാംഗുലിക്കും ജയ് ഷായ്ക്കും ബിസിസിഐ നേതൃത്വത്തിൽ തുടരുന്നതിന് കോടതി പോലും അനുമതി നൽകിയിരുന്നു. എന്നിട്ട് സംഭവിച്ചതോ? ഗാംഗുലി പുറത്തായിട്ടും അമിത് ഷായുടെ മകൻ തുടരുന്നു. എനിക്ക് ജയ് ഷായുമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ, എന്തുകൊണ്ടാണ് ഗാംഗുലിയെ ഒഴിവാക്കിയത് എന്നാണ് സംശയം. തീർത്തും മോശമായ രീതിയിലാണ് അവർ ഗാംഗുലിയെ തഴഞ്ഞത്. ഇനി പരിഹാരമാർഗമായി ഐസിസി മാത്രമേയുള്ളൂ. മറ്റുള്ളവർ ബിസിസിഐയിൽനിന്ന് ഐസിസിയിലേക്ക് പോയിട്ടുണ്ട്’  മമത ചൂണ്ടിക്കാട്ടി.