മന്ത്രിയുടെ പ്രസംഗം നീണ്ടു; പലതവണ താക്കീത് നൽകി; ഒടുവിൽ കടുപ്പിച്ച് ഷാ

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ സ്വാഗത പ്രസംഗം അകാരണമായി നീട്ടിക്കൊണ്ടുപോയ ഹരിയാന ആഭ്യന്തര മന്ത്രിയെ ശാസിച്ചും പ്രസംഗം മുഴുമിപ്പിക്കാൻ അനുവദിക്കാതെ നിർത്തിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന സമ്മേളന വേദിയിലാണ് കൗതുകകരമായ സംഭവ പരമ്പര അരങ്ങേറിയത്. ബിജെപി സർക്കാർ ഭരിക്കുന്ന ഹരിയാനയിൽ നടന്ന പരിപാടിയിൽ സ്വാഗത പ്രസംഗത്തിനാണ് ആഭ്യന്തര മന്ത്രി കൂടിയായ അനിൽ വിജ്ജിനെ നിയോഗിച്ചിരുന്നത്. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറായിരുന്നു മുഖ്യ പ്രഭാഷകൻ. ഏറ്റവും ഒടുവിൽ സംസാരിക്കേണ്ടിയിരുന്നത് അമിത് ഷായും.

അനുവദനീയമായ അഞ്ചു മിനിറ്റിനു പകരം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് സ്വാഗത പ്രസംഗം നടത്തിയത് എട്ടര മിനിറ്റാണ്. ഇതിനിടെ നാലു തവണ പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ട് അമിത് ഷാ ഇടപെടുകയും ചെയ്തു. ബിജെപി സർക്കാരിന്റെ നേട്ടങ്ങളും വ്യക്തിഗത നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് മന്ത്രി പ്രസംഗം തുടർന്നതോടെ, ഗത്യന്തരമില്ലാതെ അമിത് ഷാ കടുത്ത ഭാഷയിൽ പ്രസംഗം നിർത്തിക്കുകയും ചെയ്തു. അപ്പോഴും സ്വാഗത പ്രസംഗത്തിൽ ‘സ്വാഗതം’ മാത്രം ഉണ്ടായിരുന്നില്ല!

പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായെ സ്വാഗതം ചെയ്യേണ്ടിയിരുന്ന അനിൽ വിജ്, അതിനു പകരം പ്രസംഗത്തിലുടനീളം സംസാരിച്ചത് മറ്റു വിഷയങ്ങളായിരുന്നു. ഹരിയാനയുടെ ചരിത്രം, ഹരിത വിപ്ലവത്തിന് ഹരിയാനയുടെ സംഭാവന, ഒളിംപിക്സിൽ ഹരിയാന താരങ്ങളുടെ പ്രകടനം തുടങ്ങി കായിക മേഖലയിൽ ഹരിയാന സർക്കാർ നടത്തിയ വിപ്ലവകരമായ ഇടപെടലുകളും കിട്ടിയ അവസരത്തിൽ അനിൽ വിജ് വിശദീകരിച്ചു. ഓരോ ആഴ്ചയിലും താൻ നടത്തുന്ന പരിപാടികളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അനിൽ വിജ്ജിന്റെ പ്രസംഗം നീണ്ടു പോയതോടെ അസ്വസ്ഥനായ അമിത് ഷാ, ആദ്യം പ്രത്യേക ദൂതൻ വഴി പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ട് ഒരു നോട്ട് കൈമാറി. അത് ഫലിക്കാതെ വന്നതോടെ, തന്റെ മുന്നിലെ മൈക്ക് ഓൺ ചെയ്ത് അതിൽ തട്ടി ശബ്ദമുണ്ടാക്കി അനിൽ വിജ്ജിന് പ്രസംഗം ചുരുക്കാൻ സൂചന നൽകി.

ഇതൊന്നും ഫലിക്കാതെ വന്നതോടെ ഷാ നേരിട്ട് ഇടപെട്ടു. ‘അനിൽ ജി, താങ്കൾക്ക് പ്രസംഗത്തിനായി അഞ്ച് മിനിറ്റാണ് അനുവദിച്ചത്. ഇപ്പോൾത്തന്നെ എട്ടര മിനിറ്റോളം താങ്കൾ സംസാരിച്ചു കഴിഞ്ഞു. ദയവു ചെയ്ത് പ്രസംഗം അവസാനിപ്പിക്കൂ. ഇത്തരം സുദീർഘമായ പ്രസംഗങ്ങൾക്കുള്ള വേദിയല്ല ഇത്. ദയവു ചെയ്ത് ചുരുക്കൂ’ – ഷായുടെ വാക്കുകൾ.

ഇതോടെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് വ്യക്തമാക്കിയ അനിൽ വിജ്, കുറച്ചു സമയം കൂടി സംസാരിക്കാൻ അനുവാദം തേടി. ഷാ അനുവാദം നൽകിയതോടെ വീണ്ടും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിലേക്കായി അദ്ദേഹത്തിന്റെ പോക്ക്. ഇതോടെ കടുത്ത രീതിയിൽ അസ്വസ്ഥനായി കാണപ്പെട്ട അമിത് ഷാ, വീണ്ടും ഇടപെട്ടു.

‘അനിൽ ജി, എന്നോടു ക്ഷമിക്കുക. ഇത് നടക്കില്ല. പ്രസംഗം പൂർത്തിയാക്കൂ.’ ഇതോടെ, വിജ് സ്വാഗത പ്രസംഗത്തിലേക്കു കടന്നെങ്കിലും ഷാ കടുപ്പിച്ചു.‘മതി. ഇനി അടുത്ത പരിപാടിയിലേക്കു കടക്കാം.’ തുടർന്നു സംസാരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, അമിത് ഷായുടെ അതൃപ്തി മനസ്സിലാക്കി തനിക്ക് അനുവദിച്ച അഞ്ച് മിനിറ്റു പോലും തികച്ച് സംസാരിച്ചില്ല. പകരം അദ്ദേഹം മൂന്നു മിനിറ്റുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗവും സമ്മേളനം ബഹിഷ്കരിച്ചു. പിണറായി വിജയൻ (കേരളം), ഭഗവന്ത് മാൻ (പഞ്ചാബ്) എന്നിവർ പങ്കെടുത്തപ്പോൾ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), നിതീഷ് കുമാർ (ബിഹാർ), നവീൻ പട്നായിക് (ഒഡീഷ) എന്നിവർ വിട്ടുനിന്നു. മന്ത്രിമാരെയാണ് ഇവർ നിയോഗിച്ചത്. യോഗി ആദിത്യനാഥ് (യുപി), ഹിമന്ത ബിശ്വ ശർമ (അസം), മനോഹർ ലാൽ ഖട്ടർ (ഹരിയാന) എന്നിവരടക്കം 10 മുഖ്യമന്ത്രിമാർ പങ്കെടുത്തു.