തെലങ്കാനയിലും ഓപ്പറേഷൻ താമര?; അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് സിസോദിയ

തെലങ്കാനയിൽ ഭരണകക്ഷി എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് ബിജെപിയിലെത്തിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആംആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്ത്. ഭരണകക്ഷി എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി നടത്തിയതായി പറയപ്പെടുന്ന നീക്കത്തിൽ പങ്കുണ്ടെന്ന് ബോധ്യമായാൽ അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

ഇതിനു മുൻപ് ഡൽഹിയിലും പഞ്ചാബിലും മറ്റ് എട്ടു സംസ്ഥാനങ്ങളിലും എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ടെന്ന് മനീഷ് സിസോദിയ ചൂണ്ടിക്കാട്ടി. ഇത്തവണ ഈ നാണകെട്ട രാഷ്ട്രീയക്കളിക്ക് ബിജെപി തിരഞ്ഞെടുത്തത് തെലങ്കാനയാണെന്നും സിസോദിയ വിമർശിച്ചു. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയിൽനിന്ന് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിച്ചതായി സൂചന നൽകുന്ന ഓഡിയോ ക്ലിപ് അടുത്തിടെ പുറത്തായിരുന്നു. മൂന്നു പേർ സംഭാഷണം നടത്തുന്ന ഈ ഓഡിയോ ക്ലിപ്പിൽ ‘ഷാ’ എന്ന ഒരാളേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

‘ഈ ഓഡിയോ ക്ലിപ്പിൽ പറയുന്ന ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. ഇടനിലക്കാർ വഴി എംഎൽഎമാരെ പണം കൊടുത്തു വാങ്ങാൻ ശ്രമിക്കുകയും, ആ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയുകയും ചെയ്താൽ, അത് ഈ രാജ്യത്തെ സംബന്ധിച്ച് തികച്ചും അപകടകരമായ അവസ്ഥയാണ്’  സിസോദിയ ചൂണ്ടിക്കാട്ടി.