‘തലൈവർ സ്റ്റാലിനാണ്; ഡൽഹിയിൽ വന്ന് പറയും പോടാ..’; ഹിന്ദിയിൽ വെന്ത് തമിഴകം

‘തമിഴനെന്ന് സൊല്ലടാ..നടുനിവർത്തി നില്ലെടാ..ഹിന്ദി തെരിയാത് പോടാ...’ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ബിജെപി സർക്കാരിനോടും ഇപ്പോൾ തമിഴകത്ത് നിറയുന്ന ഈ വാചകങ്ങൾ നാളെ ഡൽഹിയിൽ വന്ന് പറയാനും മടിക്കില്ലെന്നാണ് ഡിഎംകെയുടെ മുന്നറിയിപ്പ്. ചരിത്രത്തിന്റെ തനിയാവർത്തനം എന്ന പോലെ ഹിന്ദി വിരുദ്ധ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും തമിഴ് മണ്ണിൽ പതിറ്റാണ്ടിനിപ്പുറം ഭാഷാവികാരം ആളിക്കത്തിക്കുകയാണ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ ഈ പോരാട്ടങ്ങൾക്ക് മുന്നിലുണ്ട് എന്നത് കാലത്തിന്റെ കാവ്യനീതി കൂടിയാകുന്നു.  പതിറ്റാണ്ടുകൾക്ക് മുൻപ്, 16–ാം വയസ്സിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടിയ ഒരു മനുഷ്യൻ. കല്ലക്കുടി എന്ന കുഗ്രാമത്തിന്റെ പേര് ഡാൽമിയാപുരം എന്നാക്കി റെയിൽവേ ബോർഡ് വച്ചപ്പോൾ റെയിൽ പാളത്തിൽ കിടന്ന് സമരം നടത്തിയ, അവിടുന്ന് തമിഴ്നാടിനോളം തന്നെ വളർന്ന് പന്തലിച്ച തന്റെ മുത്തച്ഛൻ മുത്തുവേൽ കരുണാനിധിയുടെ ചൂടും ചൂരും വീര്യവും വാക്കിന്റെ കരുത്തും  നിറയുന്നുണ്ട് ഉദയനിധിയുടെ വാക്കുകളിൽ.

ഹിന്ദി അടിച്ചേൽപ്പിച്ചാൽ ഡൽഹിയിൽ എത്തിപ്പറയും.. പോടാ... ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി സ്റ്റാലിൻ എംഎൽഎയുടെ വാക്കുകൾ. ഇതിൽ തെളിയുന്നത് തമിഴന്റെ ഭാഷാ വികാരം മാത്രമല്ല. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. കോൺഗ്രസ്, ബിജെപി അടക്കമുള്ള ദേശീയ കക്ഷികളെ തമിഴ് മണ്ണിൽ നിന്നും മാറ്റിനിർത്തി ദ്രാവിഡപാർട്ടികൾ അരങ്ങുവാഴാൻ വിത്തുപാകിയ പോയകാലത്തിന്റെ ഓർമപ്പെടുത്തൽ  കൂടിയാകുന്നു ഇപ്പോഴത്തെ തമിഴകക്കാഴ്ചകൾ.  ഇംഗ്ലിഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം ഹിന്ദിയിൽ സംസാരിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു തമിഴ്നാട്ടിൽ ‘ഹിന്ദി തെരിയാത് പോടാ’ പ്രചാരണം ഡിഎംകെ തന്നെ തുടങ്ങിവച്ചത്. ഇപ്പോൾ ഇവിടെ ഭരിക്കുന്നത് എടപ്പാടിയോ പനീർസെൽവമോ അണ്ണാ ഡിഎംകെയോ അല്ലെന്നും മുത്തുവേൽ കരുണാനിധി സ്റ്റാലിനാണെന്നും വേണ്ടി വന്നാൽ ഡൽഹിയിൽ വന്ന് പറയും പോടാ.. എന്നും ഉദയനിധി പറയുന്നത് ഭാഷാവികാരവും അത് തമിഴന്റെ ആത്മാവിൽ എത്രമാത്രം അടിഞ്ഞിട്ടുണ്ടെന്ന തിരിച്ചറിവോടും കൂടിയാണ്. ഭാഷാ വികാരം എപ്പോഴും ആളിക്കത്താറുള്ള തമിഴ്നാടിന്, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജീവൻ കൊടുത്ത് പോരാടിയ ചരിത്രവുമുണ്ട്.

ഒറ്റ രാജ്യം ഒറ്റ ഭാഷ എന്ന തരത്തിലല്ല ഹിന്ദിയെക്കുറിച്ച് പറഞ്ഞതെന്ന് അമിത്  ഷാ തന്നെ വിശദീകരിച്ചുയ പക്ഷേ, ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമ്പോള്‍, ഇക്കാര്യത്തില്‍ ബിജെപി ഉറച്ചുതന്നെയെന്ന് വ്യക്തം. ഭാഷാ ചർച്ചകളിൽ ഉണർന്ന ‘തമിഴ്‌’വികാരത്തിൽ നേട്ടം കൊയ്യാൻ ഇപ്പോഴും മൽസരിക്കുകയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികൾ. തമിഴ് ഈ ജനതയ്ക്ക് ഒരുഭാഷയല്ല. പെറ്റമ്മയാണ്. അമ്മയ്ക്ക് മുകളിലോ അമ്മയ്ക്കൊപ്പമോ അവർ ആരെയും പ്രതിഷ്ഠിക്കില്ല. കാരണം മറ്റൊരു മക്കൾക്കും അവകാശപ്പെടാൻ കഴിയാത്ത ചരിത്രം പേറുന്നത് െകാണ്ടാണ്.

കമൽഹാസൻ, എ.ആർ റഹ്മാൻ അടക്കമുള്ളവരും ഭാഷാവികാരം ഉയർത്തി മുൻപ് തന്നെ രംഗത്തുവന്നിരുന്നു. തമിഴ് അക്ഷരം ഉയർത്തിപ്പിടിച്ച തമിഴ് ദേവതയുടെ ചിത്രം പങ്കിട്ടായിരുന്നു റഹ്മാന്റെ ട്വീറ്റ്. 'തമിഴനങ്ങ്' എന്ന് തലക്കെട്ട് നൽകിയ പോസ്റ്ററിൽ തമിഴാണ് നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനമെന്ന ഭാരതിദാസന്റെ കവിതയിലെ വരികളും റഹ്മാൻ പങ്കിട്ടിരുന്നു. ‘നാനാത്വത്തിൽ ഏകത്വം’ പിന്തുടരുന്ന റിപ്പബ്ളിക്കാണ് ഇന്ത്യ. അതു ലംഘിക്കാൻ ഒരു ഷായ്ക്കോ സുൽത്താനോ സാമ്രാട്ടിനോ സാധിക്കില്ലെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം.

സെപ്റ്റംബർ 14 ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്നും അമിത് ഷാ പറഞ്ഞതാണ് അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധസമരത്തിന് അരങ്ങൊരുക്കിയത്.  മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് വിഷയം വിവാദമായപ്പോൾ അമിത് ഷാ വിശദീകരിച്ചത്. ഡിഎംകെയും എന്‍ഡിഎ സഖ്യത്തിലുള്ള അണ്ണാഡിഎംകെയും പിഎംകെയുമെല്ലാം ഈ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു.

രാജ്യാന്തര തരത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ ഒരു ഭാഷ ആവശ്യമാണങ്കിൽ അതിന് അനുയോജ്യം ഹിന്ദിയല്ല മറിച്ച് തമിഴിനാണെന്ന വാദവും ഡിഎംകെ ഉയർത്തുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഒന്നാണ് തമിഴ്. ശ്രീലങ്ക, സിംഗപ്പൂർ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ തമിഴ് ഔദ്യോഗിക ഭാഷയാണ്. തമിഴ് സംസ്കാരം നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്. രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഹിന്ദി സംസാരിക്കാത്തവരുടെ എണ്ണവും അതുപോലെ കൂടുതലാണ്. രാജ്യത്തുടനീളം ഹിന്ദിഭാഷ വേണമെന്നുള്ളത് ആർഎസ്എസിന്റെ അജന്‍ഡയാണെന്നും ഡിഎംകെ ആരോപിക്കുന്നു.

മാതൃഭാഷയ്ക്കു വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയാറായവരുടെ രക്തം വീണ മണ്ണാണ് തമിഴ്നാട്. 1965ല്‍ എഴുപതോളം പേരെയാണ് ഹിന്ദി വിരുദ്ധ പോരാട്ടങ്ങള്‍ക്കായി തമിഴകം ബലി കൊടുത്തത്. അനൗദ്യോഗിക കണക്കുകളിൽ ഇത് അഞ്ഞൂറോളം വരുമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാടിന്റെ ഹിന്ദിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കവുമുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുതന്നെ തുടങ്ങിയതാണ് തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചരിത്രം. 1937 ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് പ്രസിഡന്‍സിയില്‍ സി.രാജഗോപാലാചാരി മുഖ്യമന്ത്രിയായപ്പോഴാണ് തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആദ്യ ശ്രമം നടന്നത്. ഇതിനെതിരെ ശക്തമായ സമരം തമിഴ്‌നാട്ടില്‍ നടന്നു. ഇ.വി. രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റിസ് പാര്‍ട്ടിയും സമരം ഏറ്റെടുത്ത് രംഗത്തെത്തി. ദ്രാവിഡ

സംസ്കാരത്തിനുമേല്‍  ബ്രാഹ്മണത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമായാണ് തമിഴ്‌നാട്ടിലെ പ്രക്ഷോഭകര്‍ ഹിന്ദിയുടെ കടന്നുവരവിനെ കണ്ടത്.

പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം 1963 ൽ വന്ന ഔദ്യോഗിക ഭാഷാ ആക്ടാണ് വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് തമിഴ്‌നാടിനെ വേദിയാക്കിയത്. കോളജ് വിദ്യാർഥികളുടെയും ഡിഎംകെ നേതാവ് അണ്ണാദുരൈയുടെയും നേതൃത്വത്തിൽ തമിഴ്നാട്ടിൽ അരങ്ങേറിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും തടങ്കലിലാവുകയും ചെയ്തു. ഭാഷാ ആക്ട് ഔദ്യോഗികമായി നിലവിൽ വന്ന 1965 ജനുവരി 25 സംസ്ഥാനത്ത് ദുഃഖാചരണം ആചരിക്കുമെന്നും അണ്ണാദുരൈ പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് അണ്ണാദുരൈയേയും 3000ത്തോളം ‍‍ഡിഎംകെ പ്രവർത്തകരും ജയിലിലായി.

1965 ലെ പ്രക്ഷോഭം 1967 തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ജനവികാരമായി പ്രതിഫലിച്ചു. സംസ്ഥാനത്തെമ്പാടും അരങ്ങേറിയ ഭാഷാ പ്രക്ഷോഭമാണ്

തമിഴ്‌നാട്ടില്‍ ദേശിയ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ഡിഎംകെയെ അധികാരത്തിൽ ഉറപ്പിച്ചത്. 1968 ല്‍ ഡിഎംകെ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഹിന്ദി ഒഴിവാക്കി തമിഴും ഇംഗ്ലീഷും മാത്രമായി തമിഴ്നാട്ടിലെ ഭാഷാ പഠനം മാറുകയും ചെയ്തു.

‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്, അതൈ ഉറക്കച്ചോല്‍വോം ഉലകുക്ക്..’ കലൈഞ്ജർ കരുണാനിധി തമിഴ് മക്കളെ പാടിപ്പഠിപ്പിച്ച പാട്ടാണിത്. തമിഴ്മണ്ണിന്റെ അതിവൈകാരികത സ്വത്വത്തിന് മേൽവിലാസവും പുത്തൻ ഊർജവും നൽകിയ വാക്കുകൾ. തമിഴന് അവന്റെ ഭാഷയോടും സംസ്കാരത്തോടുമുള്ള അടങ്ങാത്ത അഭിനിവേശത്തെ പുറത്തുനിന്ന് നോക്കുന്ന ആർക്കും ചെറുതായി കാണാം. തമിഴന് മനസ്സിലാകുന്ന പോലെ മറ്റാർക്കും അത് മനസ്സിലാക്കാനും കഴിയില്ല.  ഉടൽ മണ്ണിനും ഉയിർ തമിഴിനും ആണ് അവര്‍ സമർപ്പിച്ചിരിക്കുന്നത്. ആരെന്ത് വാദം നിരത്തിയാലും ന്യായം പറഞ്ഞാലും ‘ഹിന്ദി തെരിയാത് പോടാ ’എന്ന് തമിഴ്മക്കൾ ആവർത്തിക്കുന്നതും അതുകൊണ്ടാണ്. അത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാഗവും നിലനിൽപ്പും കൂടിയാണ്.