കരിമ്പ് പാടങ്ങളുടെ രാഷ്ട്രീയം മാറുന്നു; എൻസിപിക്ക് ആശങ്ക

പശ്ചിമ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ വോട്ടുബാങ്കായ കരിമ്പ് പാടങ്ങളുടെ രാഷ്ട്രീയം മാറുന്നു. എന്‍സിപിയുടെ ശക്തികേന്ദ്രങ്ങളായ കരിമ്പ് ഉത്പാദന–സഹകരണ സംഘങ്ങള്‍ ബിജെപി പിടിച്ചെടുത്തുതുടങ്ങി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന മേഖലയില്‍ എന്‍സിപിക്കിത് തിരിച്ചടിയാണ്. 

കണ്ണെത്താദൂരം പരന്നുക്കിടക്കുന്ന കരിമ്പ് പാടങ്ങളും പഞ്ചസാര ഉത്പാദന–സഹകരണസംഘങ്ങളും കേന്ദ്രീകരിച്ചാണ് പശ്ചിമമഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളുടെ രാഷ്ട്രീയം. പവാറിന്റെ തട്ടകമായ മേഖലയില്‍ ബിജെപി ആദ്യം കണ്ണുവെച്ചതും ഇതേ കരിമ്പ് പാടങ്ങളില്‍തന്നെ. പവാര്‍ കുടുംബ വീടിന് തൊട്ടടുത്തുള്ള മാലേഗാവിലെ സഹകരണസംഘം വര്‍ഷങ്ങളുടെ പ്രയത്നംകൊണ്ട് ബിജെപി പിടിച്ചെടുത്തു. അധികാരത്തിനൊപ്പം എന്‍സിപി അണികളുടെ മനസ് കൂടി പതിയെ ബിജെപി നേടിത്തുടങ്ങി. 

മേഖലയിലെ 90 ശതമാനം തോട്ടങ്ങളും പവാറിമനൊപ്പമായിരുന്നു. സഹകരണസംഘങ്ങളിലുണ്ടായ ഭിന്നിപ്പ് കര്‍ഷകരെ അകറ്റി. തക്കം പാര്‍ത്തിരുന്ന ബിജെപി ഓരോയിടത്ത് പിടിമുറുക്കി. എങ്കിലും എന്‍സിപിയെയും ശരത് പവാറിനെയും പൂര്‍ണമായും തള്ളിപ്പറയാന്‍ ഒരുവിഭാഗം കര്‍ഷകരെങ്കിലും തയാറല്ല. 71 നിയമസഭ സീറ്റുകളുള്ള മേഖല കൈവിട്ടാല്‍ സംസ്ഥാനത്ത് എന്‍സിപിയുടെ നില പരുങ്ങലിലാകും.