‘ഇന്ദിര സവർക്കറെ ബഹുമാനിച്ചിരുന്നു’; ന്യായീകരിച്ച് പേരമകന്‍; ‘ഭാരതരത്ന’ നീക്കത്തില്‍ വിവാദം

സവർക്കറിന് ഭാരതരത്ന നൽകുന്നതിനെ ന്യായീകരിച്ച് പേരക്കുട്ടി രംഗത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സവർക്കറുടെ ആശയങ്ങളെ പിന്തുടർന്നിരുന്നു എന്നാണ് രഞ്ജീത് സവർക്കർ പറഞ്ഞത്. സവർക്കറിന് ഭാരതരത്ന നൽകുന്നതിനെ അനുകൂലിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. 

''വീർ സവർക്കറിനെ ഇന്ദിരാ ഗാന്ധി ബഹുമാനിച്ചിരുന്നു. അവർ സവർക്കറിന്റെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നു എന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. കാരണം അവർ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചിട്ടുണ്ട്, സൈന്യത്തെ ശക്തിപ്പെടുത്തുകയും വിദേശബന്ധങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തു. മാത്രമല്ല ആണവ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു'' - രഞ്ജീതിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 

ഇന്ദിരാ ഗാന്ധിയുടെ നീക്കങ്ങൾ ജവഹർലാൽ നെഹ്റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ആശയങ്ങൾക്ക് എതിരായിരുന്നുവെന്നും രഞ്ജീത് പറഞ്ഞു. സവര്‍ക്കറിന് ഭാരതരത്ന നൽകുന്നതിനെ എതിർത്ത എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെയും രഞ്ജീത് വിമർശിച്ചു. സവർക്കറേക്കാൾ മതേതര ആശയങ്ങളെ ഉയർത്തിപ്പിടിച്ച മറ്റൊരു നേതാവില്ലെന്നും ഒവൈസി അദ്ദേഹത്തിന്റെ വിശ്വാസം പിന്തുടരണമെന്നും രഞ്ജീത് 

ആവശ്യപ്പെട്ടു. 

സവർക്കറിന് ഭാരതരത്ന നൽകി ആദരിക്കുമെന്ന ബിജെപി പ്രകടനപത്രികയിലെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. സവർക്കർക്ക് അല്ല, ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെക്കാണ് പുരസ്കാരം നൽകേണ്ടത് എന്നായിരുന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രതികരണം.