ഞാൻ മരിച്ചു വീണാൽ, ഓരോ തുള്ളി രക്തവും ഇന്ത്യയ്ക്ക് ഊര്‍ജം; മരണത്തലേന്ന് ഇന്ദിര

'ഇന്ത്യയെന്നാൽ ഇന്ദിര'യെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു രാജ്യത്തിന്റെ തെരുവുകളിൽ. സമാനതകളില്ലാത്ത ജീവിതമായിരുന്നു ഇന്ദിരാ ഗാന്ധിയുടേത് എന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല. മരിക്കുന്നതിന് തലേദിവസം ഒറീസയിലെ ഭുവനേശ്വറിൽ അവർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗം ഇങ്ങനെ ആയിരുന്നു. 'ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാനിത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് നേരെ എത്ര വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആർക്കും കണക്കുണ്ടാവില്ല. ലാത്തിയ്ക്കുള്ള അടികളും. ഇവിടെ ഭുവനേശ്വറിലെത്തിയപ്പോൾ തന്നെ ഒരു ഇഷ്ടിക കഷ്ണം എന്റെ മേൽ പതിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും എന്നെ ആക്രമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. 

ദീർഘമായ ജീവിതം ഇതുവരെ ജീവിച്ചു. എന്റെ ജനങ്ങളെ സേവിക്കുന്നതിനാണ് ജീവിതം ഉഴിഞ്ഞുവച്ചതെന്ന് പറയുന്നതിൽ എനിക്ക് തികഞ്ഞ അഭിമാനം ഉണ്ട്. അതിൽ മാത്രമാണ് എനിക്ക് അഭിമാനം. അവസാന ശ്വാസം വരെ ആ സേവനം ഞാൻ തുടരുക തന്നെ ചെയ്യും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും'.

ഭുവനേശ്വറിലെ പ്രസംഗം അറംപറ്റിയതു പോലെയായി. പരിപാടി കഴിഞ്ഞ് ഡൽഹിയിലെ വസതിയിലേക്ക് ഇന്ദിര മടങ്ങി. പിറ്റേ ദിവസം രാവിലെ ബ്രിട്ടീഷ് നടനും അവതാരകനുമായ പീറ്റർ യൂസ്റ്റിനോവുമായി ഐറിഷ് ടെലിവിഷനുള്ള അഭിമുഖം തീരുമാനിച്ചിരുന്നു. 1984 ഒക്ടോബർ 31 ന് രാവിലെ ഇളം ഓറഞ്ച് സാരിയും കറുത്ത ചെരുപ്പുകളും കയ്യിലൊരു ചുവന്ന ബാഗുമായി ഇന്ദിരാ ഗാന്ധി സഫ്ദർജങിലെ വീട്ടിൽ നിന്നും ഒരു ഗേറ്റിനപ്പുറമുള്ള അക്ബർ റോഡിലെ ഓഫീസിലേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.