ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ബജറ്റവതരണം നാളെ

മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോള്‍ പുതുചരിത്രം പിറക്കും. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്നതിന് അപ്പുറം മുഴുവന്‍സമയ വനിതാധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന റെക്കോര്‍ഡും നിര്‍മല സീതാരാമനെ കാത്തിരിക്കുന്നുണ്ട്. ജനപ്രിയപ്രഖ്യാപനങ്ങളിലൂടെ ഇന്ദിരയുടെ ബജറ്റ് കയ്യടി നേടിയെങ്കില്‍ നിര്‍മലയുടെ ബജറ്റില്‍ എന്തെന്ന്  നാളെയറിയാം

1970 ഫെബ്രുവരി 28നാണ് ചരിത്രത്തിലാദ്യമായി ഒരു വനിത പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ–കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.

 48 വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം നാളെ ലോക്സഭയില്‍ പെണ്‍ശബ്ദം ബജറ്റ് വായിക്കും. ഇടക്കാല ബജറ്റിന്റെ തുടര്‍ക്കഥയോ അതോ ചരിത്രത്താളുകളില്‍ ഇടം പിടിക്കാനുള്ള ബജറ്റോ? കന്നിബജറ്റവതരണത്തിന് മുന്‍പ് നിര്‍മല സീതാരാമന്‍ നേരിടുന്ന ചോദ്യങ്ങള്‍ പലതാണ്. നികുതിദായകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിര്‍മലയുടെ ബജറ്റില്‍ പ്രതിഫലിക്കുമോ എന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.