സഹകരണസംഘങ്ങൾ ബാങ്കുകളല്ല; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

സഹകരണസംഘങ്ങളെ ബാങ്കുകളായി കാണാന്‍ കഴിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടിസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ലോക്സഭയില്‍ അറിയിച്ചു. 

ടിഎംസി എംപി സൗഗത റോയുടെ ചോദ്യത്തിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രേഖാമൂലം മറുപടി നല്‍കിയത്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ നവംബര്‍ 22നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നോട്ടിസ് പുറത്തിറക്കിയിരുന്നത്. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ധനമന്ത്രിയുടെ മറുപടിയിലുണ്ട്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമം സെക്ഷന്‍ ഏഴ് പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങള്‍ മാത്രമാണ് ബാങ്കുകള്‍. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്‍റി കോര്‍പ്പറേഷനാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന് ഉപയോഗിക്കുന്നത് വിലക്കിയ റിസര്‍വ് ബാങ്ക് നോട്ടിസിനെതിരെ കേരള സഹകരണ റജിസ്റ്റാറുടെ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് നോട്ടിസ് ഇറക്കിയത്. ഇത് പിന്‍വലിക്കാന്‍ കഴിയില്ല. സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് റെഗുലേഷന്‍ നിയമ പ്രകാരമുള്ള റജിസ്ട്രേഷനില്ല. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല. സഹകരണ സംഘങ്ങളുടെ നിയമപരമായ അധികാര പരിധിയില്‍ കൈകടത്താനോ, ഇടപെടാനോ ശ്രമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.