ശക്തരായ വനിതകളുടെ പട്ടിക; റാങ്ക് ഉയർത്തി നിർമല സീതാരാമൻ; മറ്റ് മൂന്ന് ഇന്ത്യക്കാരും

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. ഫോബ്സ് മാസിക പുറത്തുവിട്ട 100 ശക്തരായ വനിതകളുടെ പട്ടികയിലാണ് നിർമല സീതാരാമൻ ഇടം നേടിയിരിക്കുന്നത്. ശക്തരായ വനിതകളിൽ 37–ാമതായാണ് നിർമല സീതാരാമൻ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞവർഷം നിർമല 41–ാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. അമേരിക്കൻ ഇക്കണോമിസ്റ്റ് ജനറ്റ് എല്ലനെക്കാൾ രണ്ടു സ്ഥാനങ്ങൾക്കു മുന്നിലാണ് നിർമല സീതാരാമൻ.

2019ൽ 34ാം സ്ഥാനത്തായിരുന്നു നിർമല സീതാരാമൻ ഉണ്ടായിരുന്നത്. 2020ൽ 41–ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള വനിത ധനകാര്യമന്ത്രിയാണ് നിർമല സീതാരാമൻ. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സ് എല്ലാ വർഷവും ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടിക പുറത്തുവിടാറുണ്ട്. 40 സിഇഒമാരടക്കമുള്ളവരാണ് പട്ടികയിൽ ഇടം നേടിയത്. 19 വനിതാ നേതാക്കളും ഒരു ഇമ്യൂണോളജിസ്റ്റും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മനുഷ്യ സ്നേഹിയായ മെക്കൻഷി സ്കോട്ടാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. ഒരു ദശാബ്ദത്തിനിടെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടുന്ന ആദ്യ വനിത കൂടിയാണ് അവർ. പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് ഈ പട്ടികയിൽ ഇടം നേടുന്നത്. യുറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാഡെയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്. രോഷ്നി നഡാർ മൽഹോത്ര, കിരൺ മസൂന്ദാർ ഷാ, ഫാൽഗുനി നായർ എന്നിവരാണ് ഈ പട്ടികയിൽ ഇടംനേടിയ മറ്റ് ഇന്ത്യക്കാർ.